വീണ്ടും തിരിച്ചടി; ട്രംപിന്റെ യാത്രാ വിലക്കിന്റെ സ്റ്റേ തുടരും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വീണ്ടും കനത്ത തിരിച്ചടി. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതി.
സ്റ്റേ ചെയ്ത കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. ഉത്തരവ് മതത്തിന്റെ പേരിലുള്ള അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തീവ്രവാദ ഭീഷണി, ദേശീയ സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടാന്‍ മുസ്ലിം യാത്രാവിലക്കിന് പകരം ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കോടതി വിലയിരുത്തി.
എന്നാല്‍ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ദേശീയ സുരക്ഷ കണക്കിലെടുക്കാതെ ഉത്തരവ് തള്ളിയത് ശരിയായില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കിയെങ്കിലും കാതലായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലിബിയ, സുഡാന്, സിറിയ, യെമന്‍, സൊമാലിയ തുടങ്ങി ആറു രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."