വിഷം ചീറ്റുന്ന ചിത്രങ്ങള്‍ക്കു വാര്‍ത്തകള്‍ക്കും വിലക്കില്ല; ബജ്‌റംഗ് ദളിനോട് ഫേസ്ബുക്ക് സ്വീകരിച്ചത് മൃദുസമീപനം
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫേസ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലിന്റേതാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ ടാഗ് ചെയ്ത സംഘടനാണ് ബജ്‌രംഗ് ദള്‍. എന്നാല്‍ ഫേസ്ബുക്ക് തന്നെ ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ഫേസ്ബുക്കിന് ഉള്ള ആശങ്കകളാണ് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബജ്‌രംഗ് ദളിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ്സ് സാധ്യതകളെയും ജീവനക്കാരെയും അപകടത്തിലാക്കാമെന്ന ഭീതി ഫേസ്ബുക്കിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബജ്‌രംഗ് ദള്‍ നിരോധിക്കുന്നത് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ക്ക് സ്ഥാപനത്തിന് നേരെയുള്ള ആക്രമണത്തിനും കാരണമാകുമെന്ന ഭയമുള്ളതായും ഫേസ്ബുക്ക് ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നടപടികള്‍ എടുക്കുന്നതായി തെളിവുകള്‍ സഹിതം നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാര്‍ക്ക് ലൂക്കി എന്ന മുന്‍ ജീവനക്കാരന്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി കലാപത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നായിരുന്നു ലൂക്കിയുടെ വെളിപ്പെടുത്തല്‍. വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."