സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പള്ളിക്കുന്നില്‍ ഗവ. നഴ്സിങ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ഇക്കാര്യം ഉള്‍പ്പെടെ അഞ്ചുവര്‍ഷം കൊണ്ട് ആരോഗ്യ കുടുംബക്ഷേമരംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാനും പൊതുമേഖലയെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. എല്ലാവര്ക്കും ആരോഗ്യരേഖ(ഹെല്‍ത്ത് കാര്‍ഡ്) സംവിധാനം ഒരുക്കാനും കുടുംബഡോക്ടര് പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. ഇതുവഴി ആരോഗ്യരംഗത്ത് വലിയമാറ്റം സൃഷ്ടിക്കാനാവും. കുടുംബഡോക്ടറുടെ നിര്‍ദേശം അനുസരിച്ചായിരിക്കണം സ്പെഷലിസ്റ്റുകളെ സമീപിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിലെ എഴുന്നൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 110 പേരെ ഇതിനകം ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രൈമറി ഹെല്ത്ത്സെന്ററുകളെ കമ്മ്യൂണിറ്റി സെന്ററുകളാക്കാനും കമ്മ്യൂണിറ്റി സെന്ററുകളെ താലൂക്ക് ആശുപത്രികളാക്കാനും തുടര്‍ന്നങ്ങോട്ട് ആശുപത്രികളെ ഘട്ടംഘട്ടമായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ജനം ചികിത്സയിലൂടെ കടത്തില്‍ പെട്ടുപോകാതിരിക്കാനാണു പൊതുമേഖലാ ശാക്തീകരണം ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."