ബന്ധുക്കള്‍ വേണ്ടെന്നു വച്ച മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു; സമ്മതിച്ചത് ചിലവുകള്‍ നല്‍കാമെന്ന ഉറപ്പില്‍
റിയാദ്: സഊദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം വേണ്ടെന്ന് വാശിപിടിച്ച കുടുംബം ഒടുവില്‍ മൃതദേഹം സ്വീകരിച്ചു. ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ എല്ലാ സാമ്പത്തിക ചിലവുകളും തങ്ങള്‍ വഹിക്കാമെന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഉറപ്പിലാണ് ബന്ധുക്കള്‍ അവസാനം മൃതദേഹം സ്വീകരിച്ചു മുംബൈയില്‍ സംസ്‌കരിച്ചത്. ഇതോടെ, വീട്ടുകാരുടെ പിടിവാശിക്കുമുന്നില്‍ പ്രതിസന്ധിയിലായ സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലിക ആശ്വാസത്തിലാണ്.
ആലപ്പുഴ മാവേലിക്കര സ്വദേശി സോമന്‍ തങ്കപ്പന്‍ (61) ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. ഇഖാമയോ മറ്റു രേഖകളോ ഇല്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം മാറ്റാന്‍ പൊലിസ് വിസമ്മതിച്ചിരുന്നു. പിന്നീട് രാത്രിയോടെ ഉന്നത ഉദ്യോഗസ്ഥരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ മലയാളി സംഘടനകള്‍ ഇയാളുടെ വിലാസം കണ്ടെത്താന്‍ കുഴങ്ങി. ഇഖാമയോ പാസ്‌പോര്‍ട് വിഭാഗത്തില്‍ വിരലടയാളമോ ഇല്ലാത്തതിനാല്‍ ഒരു വിവരവും ലഭ്യമായില്ല. ഇതുമൂലം സ്‌പോണ്‍സറെ കണ്ടെത്താനും കഴിഞ്ഞില്ല. 25 വര്‍ഷമായി സഊദിയില്‍ കാര്‍ മെക്കാനിക്കായി ജോലിനോക്കുന്ന സോമന്‍ മാവേലിക്കര സ്വദേശിയാണെന്നതാണ് ആകെ കിട്ടിയ ഒരു തെളിവ്.
തുടര്‍ന്ന് ചില സാമൂഹിക പ്രവര്‍ത്തകര്‍ മാവേലിക്കരയിലും പരിസരങ്ങളിലും അന്വേഷണം നടത്തി ചായക്കട നടത്തുന്ന ഗോപാലനെ കണ്ടെത്തി. അപ്പോഴാണ് മൂന്ന് പതിറ്റാണ്ടുമുന്‍പ് സോമനും കുടുംബവും മുംബൈയിലേക്കു പോയ വിവരം ലഭിച്ചത്. തുടര്‍ന്ന് വിലാസം കണ്ടെത്തി ഭാര്യ പൊന്നമ്മയെ ബന്ധപ്പെട്ടു. പക്ഷെ, നിരാശയാണ് ഇവിടെനിന്നു ലഭിച്ചത്. 20 വര്‍ഷത്തിലധികമായി തങ്ങളുമായി ബന്ധപ്പെടാത്ത വ്യക്തിയെ ഞങ്ങള്‍ക്ക് മരണശേഷവും കാണേണ്ടതില്ലെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും മറുപടി. ഒടുവില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മുഴുവന്‍ ചിലവുകളും വഹിക്കാമെന്ന വാഗ്ദാനത്തിലാണ് മൃതദേഹം സ്വീകരിക്കാമെന്നു കുടുംബം സമ്മതിച്ചത്. ഇയാളുടെ മൃതദേഹം വേണ്ടെന്നു പറഞ്ഞ സംഭവം നേരത്തെ സുപ്രഭാതം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."