ഒമാനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ വ്രതം ആരംഭിച്ചു
മനാമ: ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന് വ്രതത്തിന് തുടക്കമായി. സഊദി സുപ്രീം കോടതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം റമദാന്‍ ഒന്ന് ശനിയാഴ്ച ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായതിനു ശേഷമാണ് ഒമാനില്‍ റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഗള്‍ഫ് രാഷ്ട്രങ്ങളിലെല്ലാം വിശുദ്ധ റമദാനെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബകളിലും റമദാന്‍ തന്നെയിരുന്നു പ്രധാന വിഷയം. വിശുദ്ധ മാസത്തിന്റെ പവിത്രതകള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും തിന്മകളില്‍ നിന്നകന്ന് നന്മകള്‍ വര്‍ധിപ്പിക്കാനും വിവിധ ഖതീബുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാനവരാശിക്ക് നേര്‍വഴി കാണിക്കാനായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് ശ്രേഷ്ഠമായ റമദാനെന്നും ഈ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിന് നിര്‍ബന്ധമായും സമയം കണ്ടെത്തണമെന്നും ബഹ്‌റൈന്‍ ഗ്രാന്റ് മസ്ജിദ് ഖതീബ് തന്റെ ഖുതുബയില്‍ വിശ്വാസികളോടാഹ്വാനം ചെയ്തു. ഇനിയുള്ള രാപകലുകള്‍ ഖുര്‍ആന്‍ പാരായണമടക്കമുള്ള സുകൃതങ്ങള്‍ അധികരിപ്പിക്കണമെന്നും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും അദ്ദേഹം തുടര്‍ന്നു.
വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ സഹായകമായ വിശുദ്ധമാസത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചും പവിത്രതകള്‍ ഓര്‍മിപ്പിച്ചുമായിരുന്നു ഖതീബുമാരുടെ പ്രഭാഷണങ്ങള്‍. റമദാനിന്റെ പവിത്രതക്ക് നിരക്കാത്ത ഒരു കാര്യവും വിശ്വാസികളില്‍ നിന്നുണ്ടാകരുതെന്നും ഇമാമുമാര്‍ ഓര്‍മപ്പെടുത്തി.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച രാത്രി തന്നെ പ്രത്യേകമായ തറാവീഹ് നമസ്‌കാരവും സംഘടിപ്പിച്ചിരുന്നു. വാരാന്ത അവധി ദിനം കൂടിയായതിനാല്‍ പ്രവാസികളടക്കമുള്ളവരുടെ വമ്പിച്ച പങ്കാളിത്തമാണ് മിക്ക മസ്ജിദുകളിലുമുണ്ടായിരുന്നത്. ഇത് കൂടാതെ പ്രവാസികളുടെ നേതൃത്വത്തില്‍ പാതിരാത്രിയോടെയുള്ള തറാവിഹുകളും വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. റമദാന്‍ സമാഗതമായതോടെ ഇഫ്താര്‍ ടെന്റുകളും പലഭാഗത്തും ഉയര്‍ന്നിട്ടുണ്ട്. വിവിധ പള്ളികള്‍ക്കു സമീപം ഇഫ്താര്‍ ടെന്റുകള്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ ഒരുക്കിയിരുന്നു. വാരാന്ത്യ അവധി ദിനമായതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും നല്ല തിരക്കാണനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."