വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പാടില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ അന്വേഷിക്കാനും അതിനുശേഷം പാര്‍ട്ടിതലത്തില്‍ അന്വേഷിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. എന്നാല്‍, ഇതിന്റെപേരില്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പാടില്ല. വകുപ്പുമന്ത്രിയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രി നടത്തണമെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വി.എസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്ത സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്‌ക്കെടുക്കാനും ധാരണയായി.
നിയമസഭയില്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട സബ്മിഷന്‍ വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദാനിയുമായുണ്ടാക്കിയ കരാര്‍പ്രകാരമാണ് ഇപ്പോഴും വിഴിഞ്ഞം പദ്ധതി മുന്നോട്ടുപോകുന്നതെന്നായിരുന്നു വി.എസിന്റെ ആരോപണം. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ധവളപത്രമിറക്കാനും വി.എസ് ആവശ്യപ്പെട്ടിരുന്നു.
പദ്ധതി ഉപേക്ഷിക്കില്ല: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
നയപരമായ കാര്യങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. പദ്ധതിയില്‍ തുടര്‍നടപടി മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിന് ബര്‍ത്ത് പൈലിങ് ഉദ്ഘാടനം നടക്കും. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ സി.എ.ജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
കരാറിലൂടെ അദാനിക്ക് വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നതായും കടന്നപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."