ജില്ലാ കാര്‍ഷിക വികസന സമിതി യോഗം മണ്ണ്, ജലസംരക്ഷണം: പരിഹാരം നീര്‍ത്തടാധിഷ്ഠിത വികസനം
കണ്ണൂര്‍: പ്രളയാനന്തര കേരളത്തില്‍ മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിനുള്ള ശാശ്വത പരിഹാരം നീര്‍ത്തടാധിഷ്ഠിത വികസനമാണെന്ന് ജില്ലാ പഞ്ചായത്തില്‍ പ്രളയാനന്തര നവകേരള പുനര്‍ നിര്‍മ്മാണം എന്ന വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കി. അതിതീവ്രമായി പെയ്ത മഴ മണ്ണിലേക്കിറങ്ങാതെ ഒലിച്ചുപോവുകയായിരുന്നു. അതിനാലാണ് ഇപ്പോള്‍ വരള്‍ച്ച അനുഭവപ്പെടുന്നത്. മണ്ണ് സംരക്ഷിക്കാന്‍ മരങ്ങളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണം. 40 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും വിള്ളലും ഉണ്ടാവുന്നത്. ഇത്തരം പ്രദേശങ്ങളില്‍ തായ്‌വേരുള്ള ചെടികള്‍ ഇടകലര്‍ത്തി വെച്ചുപിടിപ്പിക്കണം. വാഴപോലുള്ള കൃഷി അഭികാമ്യമല്ല. ജില്ലയില്‍ 40 ഹെക്ടര്‍ സ്ഥലം ഉരുള്‍പൊട്ടലില്‍ നശിച്ചു. ഇതിനു ചുറ്റും 200 ഹെക്ടര്‍ സ്ഥലം സംരക്ഷിച്ചാലേ വേഗം കുറച്ച് വെള്ളം ഒഴുക്കി വിടാനാവൂ. ക്വാറികളുടെ സാന്നിധ്യമാണ് ഈ മേഖലകളില്‍ മറ്റൊരു ഘടകമായി പഠനത്തില്‍ കണ്ടെത്തിയത്. സെസിന്റെ സഹായത്തോടെ ജില്ലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ പഠനം നടത്തി പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ വി.വി പ്രകാശന്‍ അറിയിച്ചു.
ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കൃഷി സ്ഥലത്ത് ധാരാളം ചെളി അടിഞ്ഞ് കട്ട പിടിച്ചിരിക്കയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് അറിയിച്ചു. ഇത് മണ്ണിലെ വായു സഞ്ചാരം തടസ്സപ്പെടുത്തി വിളകള്‍ക്ക് ദോഷകരമാകും. അടിയന്തരമായി ചെളി നീക്കുകയോ കൊത്തിയിളക്കുകയോ ചെയ്ത് മണ്ണിലെ വായു സഞ്ചാരം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. ഇതിനാവശ്യമായ തുക മണ്ണ് ജലസംരക്ഷണ വകുപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കണം.
പ്രളയാനന്തരം മണ്ണില്‍ കൂടി പടരുന്ന പ്രത്യേകിച്ച് ഫൈറ്റോഫ്‌തോറ കുമിള്‍ രോഗങ്ങള്‍ക്ക് സാധ്യത അധികമാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ഇതിനാല്‍ രോഗബാധയുള്ള സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കാനും കൃഷിയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളായി സുഡോമോണസ്, ട്രൈക്കോഡര്‍മ പോലുള്ള ജൈവരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കും. വകുപ്പിന്റെ ഫാമുകള്‍, എക്കോഷോപ്പുകള്‍, ആഴ്ച്ച ചന്തകള്‍ എന്നിവയിലൂടെ ഇവ ലഭ്യമാക്കും. സാധ്യമായ സ്ഥലങ്ങളിലെല്ലാം രണ്ടാംവിള നെല്‍കൃഷി നടത്തും. വകുപ്പിന്റെ തരിശുഭൂമി നെല്‍കൃഷി പദ്ധതി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും. പ്രകൃതി ക്ഷോഭം, വരള്‍ച്ച എന്നിവ കൊണ്ടുണ്ടാകുന്ന നഷ്ടം കര്‍ഷകരെ വളരെയധികം ബാധിക്കുന്നതാണ്. ഇതിന് ഒരളവുവരെയുള്ള ആശ്വാസമാണ് വിള ഇന്‍ഷുറന്‍സ്. ഈ പദ്ധതി പരമാവധി ആളുകളില്‍ എത്തിക്കുമെന്നും അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."