ഗാന്ധിജയന്തി വാരാചരണം: പരിപാടികള്‍ ഇന്ന് ആരംഭിക്കും
കാസര്‍കോട്: ഗാന്ധിജയന്തി വാരാചരണത്തിന് വിവിധ പരിപാടികളോടെ ഇന്ന് തുടക്കമാകും. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, പൊലിസ്, എക്‌സൈസ്, കുടുംബശ്രീ, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ജില്ലാ സാക്ഷരതാ മിഷന്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ഗാന്ധിയന്‍ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാസം എട്ടുവരെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 10ന് കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, എഡി.എം.എന്‍ ദേവിദാസ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, വിവിധ വകുപ്പ്, മിഷനുകള്‍, സംഘടന മേധാവികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സ്‌കൂളുകളിലും കോളജുകളിലും സെമിനാറുകള്‍, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, പരിസ്ഥിതി ശുചീകരണം, ജലസ്രോതസുകളുടെ സംരക്ഷണം, സര്‍ക്കാര്‍ ഓഫിസുകളുടെയും പരിസരങ്ങളുടെയും ശുചീകരണം, വനവല്‍ക്കരണം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം തുടങ്ങിയവ വാരാചരണത്തോടനുബന്ധിച്ച് നടത്തും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."