നന്ദനയുടെ വീട് ഇന്ന് 'വിദ്യാലയമാകും'
ചെറുവത്തൂര്‍: വീടിനുള്ളില്‍ തനിച്ചിരുന്ന് അവള്‍ ചിത്രങ്ങള്‍ വരയ്ക്കും. അക്ഷര ചങ്ങാതിമാരുമായി കൂട്ടുകൂടും. എല്ലുപൊടിയുന്ന വേദനകള്‍ക്കിടയില്‍ ക്ലാസ് മുറിയിലേക്ക് പോകാനാകാതെ വീടിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന നന്ദന മോള്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ സുദിനമാണ്. അക്ഷര മധുരം അന്യമാകാതിരിക്കാന്‍ നന്ദനയുടെ വീട്ടുമുറ്റം ഇന്ന് വിദ്യലയമാകും. ഒപ്പമിരുന്ന് പഠിക്കാന്‍ സഹപാഠികളും അധ്യാപകരും ഇന്ന് വീട്ടിലെത്തും.
എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ തീരാ ദുരിതത്തില്‍ പിച്ചവക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ നന്ദനയെ എല്ലു നുറുങ്ങുന്ന അസുഖം പിന്‍തുടരുകയാണ്. എല്ലാവരെയും പോലെ ഓടിച്ചാടി കളിക്കാന്‍ ഈ മനസും തുടിക്കുന്നുണ്ടെങ്കിലും ഒന്‍പതാം വയസിലും ഇത് മനസില്‍ മാത്രമായി ഒതുങ്ങുകയാണ്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നന്ദന. സന്തോഷത്തോടെ സ്‌കൂളില്‍ പോകുന്നതിന്റെ സന്തോഷങ്ങള്‍ക്കിടയിലാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് എല്ലുകള്‍ വീണ്ടും പൊട്ടിയത്. ഇതോടെ സ്‌കൂളില്‍ പോവാന്‍ കഴിയാതെയായി.
ഈ സാഹചര്യത്തിലാണ് ഗൃഹാന്തരീക്ഷത്തില്‍ തന്നെ പാഠശാല ഒരുക്കാന്‍ ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റിയും മുന്‍കൈ എടുത്തത്. സമഗ്രശിക്ഷ അഭിയാന്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സഹായത്തോടെയാണ് പഠനം നടക്കുക. പറ്റാവുന്ന ദിവസങ്ങളിലെല്ലാം നന്ദനയുടെ വീട്ടിലെത്തി കൂട്ടുകാര്‍ക്കൊപ്പം പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.
ചീമേനി തുറവിലെ വിനോദ്-ഗിരിജ ദമ്പതികളുടെ മകളാണ് നന്ദന. നന്ദന എവിടെയെങ്കിലും തട്ടുകയോ വീഴുകയോ ചെയതാല്‍ ഉടന്‍ എല്ലു പൊട്ടും. അതുകൊണ്ട് സ്‌കൂളില്‍ പോകുമ്പോള്‍ എന്നും സഹായിക്കാന്‍ അമ്മ ഗിരിജയും കൂടെ പോകും. മംഗളൂരുവിലെ വിദഗ്ധ ചികിത്സ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. എല്ലു പൊട്ടുന്നത് പതിവായതിനെ തുടര്‍ന്ന് പതിനഞ്ചിലേറെ തവണ പ്ലാസ്റ്ററിട്ട് ചികിത്സ നടത്തി.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ട് ധന സഹായം ലഭിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ എല്ലു പൊട്ടിയാല്‍ സഹായ ധനത്തിനപ്പുറം ചികിത്സക്ക് തുക കണ്ടെത്തുകയും വേണം. കൂലിവേല ചെയ്താണ് ഈ കുടുംബം ഉപജീവനം നടത്തുന്നത്. ഇവരുടെ വീടിന് നൂറുമീറ്റര്‍ അകലെയുള്ള ചെക്യാര്‍പുംകാവിലെ കുളത്തില്‍നിന്ന് വെള്ളമെടുത്താണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തയറാക്കിയിരുന്നത്. ഈ പ്രദേശത്തെല്ലാം അക്കാലത്ത് വ്യാപകമായി തളിക്കുകയും ചെയ്തിരുന്നു. പഠിക്കാന്‍ നന്ദനക്ക് ഏറെ ഇഷ്ടമാണ്, ചിത്രങ്ങള്‍ വരക്കാനും. ചൊവ്വാഴ്ച കൂട്ടുകാര്‍ശക്കാപ്പം ക്ലാസ് മുറിയിലെ സന്തോഷാരവം വീട്ടിലെത്തുന്നതിശന്റ ആഹ്ലാദത്തിലാണ് നന്ദന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."