ലീഗ് കോട്ടകള്‍ ഭദ്രം;മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തിയ തീരുമാനം ഫലം കണ്ടു
മലപ്പുറം: തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തിരിച്ചടി നേരിട്ടപ്പോള്‍ കോട്ടകള്‍ കാത്ത് ലീഗ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളിലുള്‍പടെ യു.ഡി.എഫിനെ കാത്തത് മുസ്‌ലിംലീഗാണ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ യു.ഡി.എഫ് പകച്ച് നിന്നപ്പോഴാണ് മലബാറില്‍ ലീഗ് സീറ്റുകള്‍ വര്‍ധിപ്പിച്ച് യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുളള മലപ്പുറം ജില്ലയില്‍ തന്നെയാണ് മുസ്‌ലീഗ് കരുത്തറിയിച്ചത്.
ആറ് മാസം മുമ്പ് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങിയ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിലും പ്രചരണത്തിലും നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് ലീഗ് മിന്നും വിജയം നേടിക്കൊടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതും അണികളില്‍ ആവേശം പകര്‍ന്നു.
പതിവ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്ന് വേറിട്ട മാനദണ്ഡങ്ങളാണ് ഇത്തവണ മുസ്‌ലിം ലീഗ് സ്വീകരിച്ചത്. മൂന്ന് വട്ടം മല്‍സരിച്ചവര്‍ വീണ്ടും മല്‍സരിക്കേണ്ടെന്ന നിലപാട് വഴി യുവാക്കള്‍ക്ക് മല്‍സരിക്കാന്‍ അവസരം കൈവരികയും ചെയ്തു. ലീഗിലെ 90 ശതമാനത്തിലേറെ സ്ഥാനാര്‍ഥികളും യുവനിരയായിരുന്നു. മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് തര്‍ക്കം മലപ്പുറത്ത് അടക്കം പരിഹരിക്കുന്നതില്‍ ലീഗ് വിജയിച്ചു. ഇതോടെ കഴിഞ്ഞ 2015 ലെ സാമ്പാര്‍ മുന്നണികളുടെ രംഗപ്രവേശനം ഇല്ലാതാക്കി. പ്രളയകാലത്തും,കൊവിഡ് സമയത്തും ലീഗും പോഷക സംഘടനായ കെ.എം.എം.സിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ പ്രതിഫലിപ്പക്കാനായതും വിജയത്തിന് കരുത്തായി. മുസ്‌ലിംലീഗ് ദുരന്ത നിവാരണ സേന,വൈറ്റ് ഗാര്‍ഡ് തുടങ്ങിയവയുടെ കക്ഷിരാഷ്ട്രീയമില്ലാത്ത പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
മലപ്പുറത്ത് മുസ്‌ലിം ലീഗിലെ വിമതര്‍ക്കെതിരെയുളള നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ ഇത് തടയാനാകാത്തത് ചിലയിടത്ത് യു.ഡി.എഫിന്റെ സീറ്റുകള്‍ നഷ്ടപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളില്‍ വലിയ വിജയമാണ് ലീഗ് സ്ഥാനാര്‍ഥികളുടേത്.
മലപ്പുറം ജില്ലാപഞ്ചായത്തില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തനായ മുസ്‌ലിം ലീഗിന് മക്കരപ്പറമ്പ്,പൊന്മുണ്ടം പഞ്ചായത്തുകളില്‍ ഒറ്റക്ക് മല്‍സരിച്ച് ഭരണം പിടിക്കാനുമായി. തിരൂര്‍ നഗരസഭ എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചു പിടിക്കാനായത് മുസ്‌ലീഗിന്റെ കരുത്തിലാണ്. മലപ്പുറത്ത് 94 ഗ്രാമപഞ്ചായത്തുകളില്‍ 51 എണ്ണമായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇത് 72 ആയി വര്‍ധിച്ചു. 37 പഞ്ചായത്തുകളില്‍ നിന്ന് എല്‍.ഡി.എഫിന് 18 ലേക്ക് ഒതുക്കിയതും ലീഗ് മുന്നേറ്റമാണ്. സി.പി.എമ്മിന്റെയും ബി.ജെ പിയുടേയും വോട്ടുകള്‍ക്ക് തടയിടാന്‍ ലീഗിന് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസിന്റെ ശക്തിക്ഷയം നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകും.
കോഴിക്കോട് ജില്ലയില്‍ മികച്ച വിജയമാണ് ലീഗ് നേടിയത്. കൊടുവള്ളി നഗരസഭയിലുള്‍പടെ മിന്നുന്ന വിജയമാണ് ലീഗ് നേടിയത്. ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന നരിക്കുനി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തത് ലീഗിന്റെ കൂടി നേട്ടമായിമാറും. കാസര്‍കോഡ് ജില്ലയിലും ലീഗിനു സീറ്റുകള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ ചെങ്കള നഷ്ടമായെങ്കിലും ദേലമ്പാടി തിരിച്ചു പിടിച്ചു. കണ്ണൂര്‍ കോര്‍പറേഷനില്‍ ലീഗ് മത്സരിച്ച 18 ഡിവിഷനുകളില്‍ 14 ലും ജയിച്ചു. എന്നാല്‍ വയനാട് ജില്ലയില്‍ ലീഗിന്റെ സീറ്റുകളും പഞ്ചായത്തുകളും നഷ്ടമായി. വെള്ളമുണ്ട പഞ്ചായത്ത് ലീഗിനു നഷ്ടപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ മൂന്ന് സീറ്റും ബത്തേരി നഗരസഭയില്‍ അഞ്ച് സീറ്റും നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."