പ്രതീക്ഷക്ക് വക നല്‍കി ഇന്ത്യന്‍ ഫുട്‌ബോള്‍
#ഹാറൂന്‍ റഷീദ്
100 കോടിയിലധികം ജനസംഖ്യയുണ്ടായിട്ടും ഇതുവരെ ഇന്ത്യ ലോകകപ്പില്‍ കളിക്കാത്തതെന്താണ് 40 ലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളടക്കം ലോകകപ്പില്‍ മത്സരിക്കാനെത്തുന്നു. ഇത് വരെ ഇന്ത്യക്ക് സീനിയര്‍ ലോകകപ്പ് വേദിയിലെത്താനായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതില്‍ നിന്നെല്ലാം മാറാന്‍ പോകുന്ന എന്നാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ മത്സരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന പരിശീലകന് കീഴില്‍ ഇന്ത്യന്‍ ടീം മെച്ചപ്പെട്ടിരുന്നെങ്കിലും ഫിഫ റാങ്കിങ്ങില്‍ 100ന് ചുറ്റുവട്ടത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് ശേഷം ക്രൊയേഷ്യയില്‍ നിന്ന് ഇഗോര്‍ സ്റ്റിമാച്ച് എന്ന പരിശീലകന്‍ എത്തിയത് ഒരു പക്ഷെ ഇന്ത്യയുടെ തലവര മാറ്റിയേക്കാം. അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്.
സ്റ്റിമാച്ച് പരിശീല ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്ത്യ പങ്കെടുത്ത രണ്ട് ടൂര്‍ണമെന്റിലും പരാജയമായിരുന്നു. കിങ്‌സ് കപ്പില്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിന് ശേഷം വന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആദ്യ മത്സരത്തില്‍ ദാരുണമായി പരാജയപ്പെട്ടു. താജിക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ രണ്ട് ഗോളിന്റെ ലീഡ് ഉണ്ടായിരുന്നിട്ടും നാല് ഗോള്‍ വഴങ്ങി വലിയ തോല്‍വി ഏറ്റുവാങ്ങി. രണ്ടാം മത്സരത്തില്‍ ഉത്തരകൊറിയക്കെതിരേ 5-2 എന്ന വലിയ മാര്‍ജിനില്‍ ഇന്ത്യ പരാജയപ്പെട്ടു. രണ്ട് മത്സരത്തില്‍ മാത്രം ഇന്ത്യ വഴങ്ങിയത് ഒന്‍പത് ഗോളുകള്‍. പ്രതിരോധത്തിലെ പാളിച്ച കാരണമായിരുന്നു ഇന്ത്യന്‍ പോസ്റ്റിലേക്ക് ഗോളുകള്‍ തുരുതുരാ വന്നത്. എന്നാല്‍ സിറിയക്കെതിരേയുള്ള മൂന്നാം മത്സരത്തില്‍ മികച്ച മത്സരം പുറത്തെടുത്ത ഇന്ത്യ അവരെ സമനിലയില്‍ തളക്കുകയും ചെയ്തു.
കിങ്‌സ് കപ്പില്‍ സന്ദേഷ് ജിങ്കനൊപ്പം ആദില്‍ ഖാനായിരുന്നു പ്രതിരോധത്തില്‍ കൂട്ടുണ്ടായിരുന്നത്. എന്നാല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിനുള്ള ടീമിന് വേണ്ടി അനസ് എടത്തൊടികയെ സ്റ്റിമാച്ച് തിരിച്ച് വിളിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ആദില്‍ ഖാനെയും നരേന്ദര്‍ ഗലോട്ടിനെയും പ്രതിരോധത്തില്‍ കളിപ്പിച്ച് പരിക്ഷിച്ചു. പരീക്ഷണം എട്ട് നിലയില്‍ പൊട്ടി. രണ്ടാം മത്സരത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ജിങ്കന്‍ ടീമിലെത്തി. എന്നാല്‍ ഈ മത്സരത്തില്‍ സ്ഥിതി മാറിയില്ല. ഇത്തവണ അഞ്ച് ഗോളായിരുന്നു ഇന്ത്യ വഴങ്ങിയത്. സിറയക്കെതിരേയുള്ള മൂന്നാം മത്സരത്തില്‍ വീണ്ടും നരേന്ദറിനെയും രാഹുല്‍ ബേക്കയേയും പ്രതിരോധത്തിന്റെ ചുമതല ഏല്‍പിച്ചു. മത്സരത്തില്‍ നരേന്ദര്‍ ഗോള്‍ കണ്ടെത്തുകയും പ്രതിരോധക്കാരന്റെ ചുമതല ഭംഗിയായി നിറവേറ്റുകയും ചെയ്തു. എനിക്ക് ആവശ്യമുള്ളത് രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിയുന്ന 20 ചെറുപ്പക്കാരെയാണ്. എന്റെ ആദ്യ ഇലവന്‍ ഏതാണെന്ന് എനിക്ക് കൃത്യമായി മനസിലായിട്ടുണ്ട്.
മുന്നിലുള്ള ലക്ഷ്യം ലോകകപ്പാണ്. ഇപ്പോഴുള്ള പരാജയങ്ങളില്‍ ആശങ്കപ്പെടാനില്ല. ലോകകപ്പ് യോഗ്യത മറികടക്കുക എന്നതാണ് ഇന്ത്യക്ക് മുന്നില്‍ ഇപ്പോഴുള്ള പ്രധാന ലക്ഷ്യം. കൂടാതെ എ.എഫ്.സി കപ്പും സ്വപ്നത്തിലുണ്ട് സ്റ്റിമാച്ച് പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ശക്തി കൂട്ടേണ്ടതുണ്ട്. പ്രതിരോധത്തിലെ താരങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു സ്റ്റിമാച്ച് മൂന്ന് മത്സരങ്ങളിലും വ്യത്യസ്ത താരങ്ങളെ പ്രതിരോധത്തില്‍ ഇറക്കിയത്. സിറിയക്കെതിരേയുള്ള മത്സരത്തില്‍ നാല് ഷോട്ടുകള്‍ മാത്രമായിരുന്നു ഇന്ത്യന്‍ മുന്നേറ്റ നിര പോസ്റ്റിലേക്ക് അടിച്ചത്. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ്, അനിരുദ്ദ് ഥാപ്പ, അമര്‍ജിത് ഖിയാം തുടങ്ങിയ താരങ്ങള്‍ പരമാവധി പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഒന്നുകൂടി ഒരുങ്ങിയാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല.
സിറിയക്കെതിരേയുള്ള മത്സരത്തില്‍ ഉദാന്ത സിങ് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇന്ത്യന്‍ മുന്നേറ്റത്തില്‍ ഉദാന്തമാത്രമായിരുന്നു സിറിയക്കെതിരേ മെച്ച പ്പെട്ട പ്രകടനം പുറത്തെടുത്ത മുന്നേറ്റ താരം. ഡിഫന്‍സീവ് മിഡില്‍ മന്ദര്‍ ദേശായി, ചങ്‌തെ എന്നിവര്‍ക്ക് കാര്യമായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. മികച്ച സ്‌ട്രൈക്കര്‍മാരില്ലാത്തതാണ് നിലവില്‍ ഇന്ത്യയുടെ പ്രധാന അഭാവം. സ്‌ട്രൈക്കര്‍മാരുടെ റോളില്‍ മലയാളി താരം ജോബിന്‍ ജസ്റ്റിനെയും മാന്‍വിര്‍ സിങ്ങിനേയും പരീക്ഷിച്ച് നോക്കിയെങ്കിലും വിജയം കണ്ടില്ല. സ്രട്രൈക്കര്‍മാരുടെ റോളിന്‍ നീലക്കുപ്പായത്തില്‍ തുടരണമെങ്കില്‍ ഇരുവര്‍ക്കും ഇനിയും കഠിന പരിശീലനം നടത്തേണ്ടി വരും. ഇന്ത്യന്‍ പൗരത്വമുള്ള വിദേശ താരങ്ങളെ ഇന്ത്യ കളിപ്പിക്കണമെന്ന ആവശ്യവും സ്റ്റിമാച്ച് മുന്നോട്ട് വെച്ചിരുന്നു. മറ്റെല്ലാ രാജ്യക്കാരും ഇത്തരത്തില്‍ കളിപ്പിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇന്ത്യക്ക് വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍മാരെ ടീമിലെത്തിച്ചാല്‍. ഇത് ഒരു പക്ഷെ ടീമിലെ താരങ്ങളുടെ ദാരിദ്രത്തിന് പരിഹാരമാകുമെന്നും സ്റ്റിമാച്ച് സൂചിപ്പിച്ചിരുന്നു. എന്നാന്‍ ഇന്ത്യയിലെ നിയമ പ്രശ്‌നങ്ങളാണ് ഇത്തരം താരങ്ങളെ ടീമില്‍ ടീമിലെത്തിക്കുന്നതിന് തടസമാകുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."