ജെസ്‌നയെ ഇനി ക്രൈംബ്രാഞ്ച് തിരയും
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കി. ഇതുവരെ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പൊലിസാണ് അന്വേഷിച്ചിരുന്നത്. ലോക്കല്‍ പൊലിസിന് ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അന്വേഷണം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് വിട്ടത്. ഇന്നലെ കേസ് ഫയല്‍ ഐ.ജി മനോജ് എബ്രഹാം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേഖ് പര്‍വേശ് സാഹിബിന് കൈമാറി.
കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ജെസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22 മുതലാണ് കാണാതായത്. മുണ്ടക്കയത്തുനിന്ന് ജെസ്‌ന ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
ഇതു മാത്രമാണ് ആറുമാസം അന്വേഷിച്ചിട്ടും ലോക്കല്‍ പൊലിസിന് കിട്ടിയ തെളിവ്. താന്‍ മരിക്കാന്‍ പോവുന്നുവെന്ന് ഒരു സുഹൃത്തിന് മൊബൈല്‍ ഫോണില്‍ ജെസ്‌ന അയച്ച മെസേജും പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം വഴിമുട്ടുകയായിരുന്നു.
ജെസ്‌നയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ സംസ്ഥാന പൊലിസ് മേധാവി പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലരും സന്ദേശങ്ങള്‍ പൊലിസിന് കൈമാറിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല.
പൊലിസ് പലതവണ ബംഗളൂരുവില്‍ പോയി തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ജെസ്‌നക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇടുക്കിയിലെ കൊക്കകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
ഇതേ തുടര്‍ന്ന് ജസ്‌ന മരിച്ചു എന്നതിനോ ജീവിച്ചിരിക്കുന്നതിനോ ഒരു തെളിവും കിട്ടിയില്ലെന്ന് ലോക്കല്‍ പൊലിസ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."