നീലക്കുറിഞ്ഞിയിലൂടെ മൂന്നാര്‍ അതിജീവനത്തിന്റെ പാതയില്‍
തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖല നീലക്കുറിഞ്ഞിയിലൂടെ അതിജീവനത്തിന് ശ്രമിക്കുന്നു. എന്നാല്‍ മേഖലയില്‍ വീണ്ടും മഴ കനത്തത് ഭീഷണിയാകുന്നുണ്ട്. ദേശീയ പാതയില്‍ വാളറയ്ക്ക് സമീപത്തെ ഗതാഗത തടസവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാജമലയില്‍ കുറിഞ്ഞിപ്പൂക്കള്‍ വ്യാപകമായി ചീഞ്ഞു നശിച്ചെങ്കിലും കൊളുക്കുമല പ്രതീക്ഷ നല്‍കുന്നുണ്ട്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയായ കൊളുക്കുമലയില്‍ കുറിഞ്ഞിപ്പൂക്കള്‍ വ്യാപകമാണ്. 60 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ചോലക്കുറിഞ്ഞിയും നീലക്കുറിഞ്ഞിയും ഒന്നിച്ചാണ് വിരിഞ്ഞത്.
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും പത്ത് വര്‍ഷത്തെ ആയുസിനൊടുവില്‍ പൂവിടുന്ന ചോലക്കുറിഞ്ഞിയും ഒന്നിച്ച് പൂക്കുന്നത് 60 വര്‍ഷത്തിന് ശേഷമാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ചോലക്കുറിഞ്ഞി പൂക്കുന്നത്. മൂന്നാര്‍ മലകളിലെ നീലക്കുറിഞ്ഞി ഓഗസ്റ്റില്‍ പൂത്ത് തുടങ്ങേണ്ടതായിരുന്നുവെങ്കിലും മഴയെ തുടര്‍ന്ന് വൈകി. കൊടൈക്കനാലില്‍ നിന്നാരംഭിക്കുന്ന പൂക്കാലം വട്ടവടയിലെ കുറിഞ്ഞി സങ്കേതവും കാന്തല്ലൂര്‍ മലയിലും ഇരവികുളത്തും നീലവിരിയിച്ച ശേഷം അവസാനമാണ് കൊളുക്കുമലയില്‍ എത്തിയത്. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന കുറിഞ്ഞി പൂക്കളെയും വരയാടിനെയും അടുത്ത് നിന്ന് കാണാന്‍ കഴിയുന്നത് ഇരവികുളത്ത് മാത്രമാണ്.
ഇത്തവണ എട്ട്‌ലക്ഷം സഞ്ചാരികള്‍ മൂന്നാറിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കനത്ത മഴയും പ്രകൃതിക്ഷോഭവും തിരിച്ചടിയായി. കേരളം തകര്‍ന്നടിഞ്ഞതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി വടക്കേ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യവും ടൂറിസത്തിന് തിരിച്ചടിയാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017 സെപ്റ്റംബറില്‍ മൂന്നാര്‍ മേഖലയിലെ ഹോട്ടലുകളില്‍ 85 ശതമാനം മുറികളിലും താമസക്കാരുണ്ടായിരുന്നു. ഇത്തവണ അത് 11 ശതമാനം മാത്രമായി കുറഞ്ഞു.
മണവും മൂല്യവും ഇല്ലാത്ത കുറിഞ്ഞി പൂക്കളാണ് മൂന്നാറിനെ വിനോദ സഞ്ചാര ഭൂപടത്തില്‍ എത്തിച്ചത്. പതിറ്റാണ്ടുകളായി മൂന്നാര്‍ മലകളില്‍ കുറിഞ്ഞി പൂക്കുന്നുവെങ്കിലും 1989 ല്‍ സേവ് കുറിഞ്ഞി കാംപയിന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊടൈക്കാനാലില്‍ നിന്നും മുന്നാറിലേക്ക് നടത്തിയ കുറിഞ്ഞി പദയാത്രയാണ് ഇതിന് കാരണമായത്. 1990 ലെ കുറിഞ്ഞി പൂക്കാലത്തിന് മുന്നോടിയായിട്ടാണ് യാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."