തുല്യതാ പരീക്ഷ എഴുതാന്‍ അറുപത്തിയഞ്ചാം വയസില്‍ മുഹമ്മദ്
അന്തിക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുവാനുള്ള കഠിനപ്രയത്‌നത്തിലാണ് അറുപത്തിയഞ്ചുകാരനായ മുഹമ്മദ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുറ്റിച്ചൂര്‍ എ.എല്‍.പി സ്‌കൂളില്‍ മൂന്നാം തരം വരെ മാത്രം പഠിച്ചിട്ടുള്ള മുഹമ്മദിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് പത്താം ക്ലാസ് പരീക്ഷയെഴുതുകയെന്നത്.
കൂലിപ്പണിക്കാരനായതിനാല്‍ ജോലി കഴിഞ്ഞാണ് തളിക്കുളം സി.എം.എസ്.യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രത്തില്‍ മുഹമ്മദ് പഠിക്കാനെത്തിയിരുന്നത്. നേരത്തെ സംസ്ഥാന സാക്ഷരതാ മിഷന്റെ നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ പരീക്ഷയെഴുതിയ മുഹമ്മദ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
ഇനിയുള്ള പത്താം ക്ലാസ് എന്ന കടമ്പ വളരെ നിഷ്പ്രയാസം വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇദ്ദേഹത്തിനുണ്ട്. മലയാള അക്ഷരങ്ങള്‍ തെറ്റുകുടാതെ വായിക്കാനും എഴുതാനും പഠിച്ച മുഹമ്മദ് ഇംഗ്ലീഷിലും ഹിന്ദിയിലും ഗണിതത്തിലും മിടുക്കനാണ്. ജീവിത പ്രാരാബ്ധം മൂലം മൂന്നാം ക്ലാസില്‍ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നതായി മുഹമ്മദ് പറഞ്ഞു. തുടര്‍ന്ന് കുടുംബം പുലര്‍ത്താനായി മുംബൈയിലേക്ക് പോയി. അവിടെ വര്‍ഷങ്ങളോളം പണിയെടുത്തു. തുടര്‍ന്ന് ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും വിദേശത്ത് കഴിച്ചുകൂട്ടി.
കുട്ടിക്കാലത്ത് പഠിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം തീര്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതുന്നതെന്ന് മാഷ് കുഞ്ഞിമോന്‍ എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് പറയുന്നു. മുന്‍പ് മുറ്റിച്ചൂര്‍ ജുമാ മസ്ജിദിനു സമീപം താമസിച്ചിരുന്ന മുഹമ്മദ് ഇപ്പോള്‍ തളിക്കുളം കൈതക്കലിലാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."