വി.ടി ബല്‍റാമിനെ സെക്രട്ടേറിയറ്റിന് മുന്നില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു
തിരുവനന്തപുരം: വി.ടി ബല്‍റാം എം.എല്‍.എയെ സെക്രട്ടേറിയറ്റിന് മുന്നില്‍ സുരക്ഷാജീവനക്കാര്‍ തടഞ്ഞു. സംഭവമറിഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതോടെ കടത്തിവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
യൂനിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സെകട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായതിനാല്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത്, സൗത്ത് ഗെയ്റ്റുകള്‍ പൊലിസ് താഴിട്ടുപൂട്ടിയിരുന്നു. ഈ സമയത്താണ് വി.ടി ബല്‍റാം എം.എല്‍.എയും രണ്ടു കെ.എസ്.യു പ്രവര്‍ത്തകരും സൗത്ത് ഗെയ്റ്റ് വഴി അകത്തേക്ക് പോകാനായി എത്തിയത്.
എന്നാല്‍, പൊലിസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഗെയ്റ്റ് തുറക്കാന്‍ കഴിയില്ലെന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ നിലപാട്. ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം മാത്രമേ സൗത്ത് ഗെയ്റ്റ് വഴി പ്രവേശനം ഉള്ളൂവെന്നും സുരക്ഷാ ജീവനക്കാര്‍ പറഞ്ഞതോടെ വാക്കേറ്റമായി.
വിവരമറിഞ്ഞ് തൊട്ടടുത്ത സമരപ്പന്തലില്‍ നിന്ന് കെ.എസ്.യു പ്രവര്‍ത്തകരും സെക്രട്ടേറിയറ്റ് പരിസരത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും സൗത്ത് ഗെയ്റ്റ് പരിസരത്തെത്തി. തുടര്‍ന്ന് എം.എല്‍.എയും പ്രവര്‍ത്തകരും ഗെയ്റ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയെത്തിയതോടെ കന്റോണ്‍മെന്റ് എസ്.ഐയുള്‍പ്പടെ സ്ഥലത്തെത്തി ഗെയ്റ്റ് തുറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."