പി.ഡബ്ലിയു.ഡിയും ജല അതോറിറ്റിയും രണ്ടു വഴിക്ക് പ്ലീസ്..നന്നാക്കിയ റോഡെങ്കിലും കുത്തിപ്പൊളിക്കാതിരിക്കൂ
മലപ്പുറം: പി.ഡബ്ലിയു.ഡിയും ജല അതോറിറ്റിയും രണ്ടു വഴിക്കായതുമൂലം ദുരിതം അനുഭവിക്കുന്നത് ജില്ലയിലെ പൊതുജനങ്ങള്‍. പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണത്തിന് ശേഷം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് മൂലം അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാറിന് നഷ്ടമാകുന്നതാകട്ടെ കോടിക്കണക്കിനു രൂപയാണ്. റോഡ് നവീകരണത്തിനും റീ ടാറിങ്ങിനുമായി പി.ഡബ്ലിയു.ഡി ടെന്‍ഡര്‍ ചെയ്യുകയാണ് ആദ്യപടി. ഇതുപ്രകാരം റോഡ് നവീകരണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ കുടിവെള്ള വിതരണ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി ടാറിങ് പൂര്‍ത്തിയാക്കിയ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണ് പതിവ്. ജല സംഭരണികളിലേക്കു വെള്ളമെത്തിക്കുന്നതിനായി പൊളിക്കുന്ന റോഡുകള്‍ വന്‍തുക ചെലവിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്. എന്നാല്‍ ഇത് കഴിഞ്ഞ് ജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി വീണ്ടും ഇതേ റോഡുകള്‍ തകര്‍ക്കുന്ന രീതിയുണ്ട്. ഇത് നന്നാക്കാന്‍ വീണ്ടും വന്‍തുക വേണം.ഇത്തരത്തിലുള്ള പ്രവര്‍ത്തനം മൂലം ഇരു വകുപ്പുകള്ക്കുമുണ്ടാവുന്ന സമയ-ധന നഷ്ടം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയാറാക്കി നല്കിയാല് ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് യോഗത്തില്‍ പി.ഡബ്ലിയു.ഡി ജില്ലാ ഉദ്യോഗസ്ഥന് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പി.ഡബ്ലിയു.ഡിയും ജല അതോറിറ്റിയും ചേര്‍ന്ന് യോഗം വിളിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."