അന്വേഷണ ഏജന്‍സികള്‍ അതിരു കടക്കുന്നു മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയതിനു പിന്നാലെ സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികളുണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കും.
അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ ഫെഡറല്‍ സംവിധാനത്തില്‍ ഇതൊരിക്കലും അംഗീകരിക്കാനാവില്ല.
ലൈഫ് മിഷനു പുറമെ കേരള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ ഫോണ്‍, ഇലക്ട്രോണിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പട്ടിട്ടുണ്ട്. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഗണ്യമായ പിന്തുണ നല്‍കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്കിനു കത്തെഴുതി.
പ്രതികളിലൊരാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് മാറി കരാറുകാരനില്‍ നിന്ന് കമ്മിഷന്‍ വഴി ലഭിച്ച പണമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍ അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട
ആള്‍ക്ക് ലഭിക്കും മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.
ചില അന്വേഷണോദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തിക്കൊടുക്കുന്നത് ഇതിനു തെളിവാണ്.
അഞ്ചു മാസം കഴിഞ്ഞിട്ടും സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്നു സംശയിക്കുന്നവരെയും പിടികൂടാനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്വം നിര്‍വഹിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."