പൊതുസ്ഥലത്ത് മാലിന്യം തള്ളാനുള്ള നഗരസഭാ നീക്കം നാട്ടുകാര്‍ തടഞ്ഞു
വടകര: പൊതുശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വടകര നഗരസഭ സംഘടിപ്പിച്ച ശുചീകരണത്തോടനുബന്ധിച്ച് റോഡരികിലും മറ്റും കൂട്ടിയിട്ട ജൈവ, അജൈവ മാലിന്യങ്ങള്‍ കോട്ടക്കടവിലെ റെയില്‍വേയുടെ സ്ഥലത്ത് കുഴിയെടുത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ദേശീയപാതയിലെ പെരുവാട്ടിന്‍ താഴ മുതല്‍ മൂരാട് വരെയുള്ള പാതയോരങ്ങള്‍ ശുചീകരിച്ചപ്പോള്‍ ലഭിച്ച ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളാനുള്ള നീക്കമാണ് ജനങ്ങളുടെ എതിര്‍പ്പുകാരണം നടക്കാതെ പോയത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മാലിന്യവുമായി ലോറിയെത്തിയത്. ഇതോടൊപ്പം ജെ.സി.ബി ഉപയോഗിച്ച് റെയില്‍വേയുടെ സ്ഥലത്ത് കുഴിയെടുക്കാനുള്ള നടപടികളും ആരംഭിച്ചു. ജൈവ, അജൈവ മാലിന്യങ്ങള്‍ മൊത്തമായി തള്ളാനുള്ള നീക്കമാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. റീ സൈക്ലിങ്ങിന് അയക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറഞ്ഞെങ്കിലും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീഷന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളാനുള്ള നീക്കം തുടര്‍ന്നു. ഇതിനിടെയെത്തിയ നാട്ടുകാര്‍ ഒറ്റക്കെട്ടായതോടെ നീക്കം പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ലഭിച്ച മാലിന്യങ്ങള്‍ കരിമ്പനപ്പാലത്തെ ദേശീയപാതയുടെ സ്ഥലത്ത് കുഴിച്ചുമൂടിയിരുന്നു. ഇതു സംബന്ധിച്ച് റെയില്‍വേക്കും ദേശീയപാത പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണു നാട്ടുകാര്‍. സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി നടപടികളുമായി മുന്നോട്ടുപോകുന്ന നഗരസഭ തന്നെ പുതിയാപ്പില്‍ ട്രഞ്ചിങ് ഗ്രൗണ്ട് ഉണ്ടായിട്ടും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സീറോ വേസ്റ്റ് പദ്ധതിയുടെ ഹരിത കര്‍മസേനകള്‍ നിലവിലുള്ളപ്പോഴാണ് നഗരസഭ തന്നെ പൊതുസ്ഥലത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.
'ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം ചെറുക്കും'
വടകര: പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിനടുത്ത് കുഴിച്ചുമൂടാനുള്ള നഗരസഭയുടെ ശ്രമം എന്തു വിലകൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
നഗരസഭാ ചെയര്‍മാന്റെയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെയും സ്വന്തം നാട്ടിലാണ് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി ഇവരുടെ അറിവോടെ മാലിന്യം കുഴിച്ചുമൂടുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനായി വീടുകളില്‍നിന്നും കടകളില്‍നിന്നും പണം ഈടാക്കുന്ന നഗരസഭയുടെ, ജനവാസ കേന്ദ്രങ്ങള്‍ക്കരികില്‍ പോലും മാലിന്യം കുഴിച്ചുമൂടുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."