മലമാനിനെ കൊന്ന് ഇറച്ചി വില്പന: പ്രതികള്‍ കീഴടങ്ങി
കല്‍പ്പറ്റ: മലമാനിനെ വെടിവച്ച് കൊന്ന് ഇറച്ചി വില്പന നടത്തിയ കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികള്‍ മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മുന്‍പാകെ കീഴടങ്ങി. കോഴിക്കോട് താമരശേരി പുതുപ്പാടി മീച്ചേരി പരീത്, ചമല്‍ മുണ്ടിച്ചിപ്പാറ മുഹമ്മദലി, പുതുപ്പാടി കണ്ണപ്പന്‍കുണ്ട് വെളുത്താലക്കാട്ടില് മുജീബ്, ചമല്‍ ചിങ്ങണാംകുന്നുമ്മേല് മുഹമ്മദ് കബീര്‍ എന്നിവരാണ് കീഴടങ്ങിയത്.
മാനിറച്ചിയും വാഹനവുമായി സംഘത്തിലെ ഷുക്കൂര്‍, ജംഷാദ് എന്നിവരെ ജൂണ്‍ 11ന് താമരശേരി റേഞ്ച് ഓഫിസര്‍ പിടികൂടിയിരുന്നു. സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന വൈത്തിരി തളിമലയിലാണ് സംഘം വേട്ട നടത്തിയത്. അതിനാല്‍ കേസ് മേപ്പാടി റേഞ്ചിന് കൈമാറുകയായിരുന്നു.
കേസിലുള്‍പ്പെട്ട ഏഴ് പ്രതികളില്‍ അഞ്ചു പേരും നാളിതു വരെയായി ഒളിവില്‍ കഴിയുകയായിരുന്നു. ഹൈക്കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യം നേടിയ ശേഷം ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാവുകയായിരുന്നു. മറ്റൊരു പ്രതിയായ താമരശേരി സ്വദേശിയായ ഫൈസലിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."