മുല്ലപ്പള്ളിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി
വടകര: തദ്ദേശ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി നേതൃത്വം സ്വീകരിച്ച നിലപാടിനെതിരേ ശക്തമായി പ്രതികരിച്ച് ആര്‍.എം.പി.ഐ രംഗത്ത്.
ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ മുല്ലപ്പള്ളി സ്വീകരിച്ച നിലപാടാണ് ജില്ലാ പഞ്ചായത്ത് അഴിയൂര്‍ ഡിവിഷനും വടകര ബ്ലോക്ക് പഞ്ചായത്തും നഷ്ടമാകാന്‍ കാരണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു സുപ്രഭാതത്തോട് പറഞ്ഞു.
കല്ലാമലയില്‍ വിമത സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ച്, പിന്നീട് തര്‍ക്കം വന്നപ്പോള്‍ സ്ഥാനാര്‍ഥിയെ മരവിപ്പിച്ചെങ്കിലും 368 വോട്ടുകള്‍ ഇദ്ദേഹം നേടിയിരുന്നു. ഈ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ദിവസം ബൂത്ത് പ്രവര്‍ത്തനം നടത്തി.
അവിടെ കെ.പി.സി.സി പ്രസിഡന്റ് സന്ദര്‍ശനം നടത്തി. മാത്രമല്ല ഇതേ സ്ഥാനാര്‍ഥിക്ക് ബൂത്ത് ഏജന്റ് വരെയുണ്ടായിരുന്നതായും വേണു പറഞ്ഞു. ഇദ്ദേഹത്തിന് ലഭിച്ച 368 വോട്ടുകളില്‍ മുല്ലപ്പള്ളിയുടേതും ഉണ്ടെന്ന് സംശയിക്കുന്നു.
യു.ഡി.എഫിനൊപ്പം ജനകീയമുന്നണി സംവിധാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രം ഉണ്ടാക്കിയതാണ്. പഞ്ചായത്ത് തലത്തില്‍ അത് നിലനിര്‍ത്തും.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വടകര മേഖലയില്‍ ആര്‍.എം.പി.ഐ നടത്തിയ ഇടപെടലുകളാണ് മുല്ലപ്പള്ളി രണ്ടുതവണ ലോക്‌സഭയിലേക്ക് ജയിക്കാന്‍ കാരണമായത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രാദേശികതലത്തില്‍ ആര്‍.എം.പി.ഐ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് അടവുനയത്തെ തകര്‍ക്കുകയാണ് മുല്ലപ്പള്ളി ചെയ്തത്.
ഇതില്‍ പാര്‍ട്ടിക്ക് അമര്‍ഷമുണ്ടെന്നും വേണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."