'രണ്ട് എം.പിമാര്‍ക്കെതിരേ മൊഴി നല്‍കാന്‍ യു.പി പൊലിസ് നിര്‍ബന്ധിച്ചു'; വെളിപ്പെടുത്തലുമായി സിദ്ദീഖ് കാപ്പന്റെ ഭാര്യ
കോഴിക്കോട്: ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോട് രണ്ട് സി.പി.എം എം.പിമാര്‍ക്കെതിരേ മൊഴിനല്‍കാന്‍ യു.പി പൊലിസ് നിര്‍ബന്ധിച്ചതായി ഭാര്യയുടെ വെളിപ്പെടുത്തല്‍. ഇതിന് തയാറാകാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞതായും കാപ്പന്റെ ഭാര്യ റൈഹാന പറഞ്ഞു.
'കേരളത്തില്‍ നിന്നുള്ള ഒരാള്‍ എന്തിനാണ് യു.പിയില്‍ വന്നത്. കേരളക്കാര്‍ക്ക് ദലിതരോട് എന്താന്ന് ഇത്ര സ്‌നേഹം. സി.പി.എം അല്ലേ നിന്നെ ഇങ്ങോട്ട് അയച്ചത്. നിന്നെ ഇങ്ങോട്ട് അയച്ച രണ്ട് സി.പി.എം എം.പിമാരുടെ പേര് പറയൂ' എന്നെല്ലാം പറഞ്ഞായിരുന്നു ഭര്‍ത്താവിനെ പൊലിസ് മര്‍ദിച്ചത്. രാഹുല്‍ ഗാന്ധി എന്തിനാണ് നിന്റെ കുടുംബത്തെ കണ്ടതെന്നും രാഹുല്‍ഗാന്ധിയുമായി എന്താണ് ഇത്ര അടുത്ത ബന്ധമെന്നും പൊലിസ് ചോദിച്ചതായി ഭര്‍ത്താവ് പറഞ്ഞിരുന്നു. മോചനത്തിന് സഹായം തേടി താന്‍ രാഹുല്‍ ഗാന്ധിയെ കണ്ട കാര്യം ഭര്‍ത്താവിന് അന്നൊന്നും അറിയുമായിരുന്നില്ല. അഭിഭാഷകനെയോ കുടുംബത്തെയോ ബന്ധപ്പെടാന്‍ കാപ്പനെ അനുവദിക്കുന്നതിനു മുന്‍പായിരുന്നു ചോദ്യം ചെയ്യല്‍. കേരളത്തില്‍ നിന്നായതിനാല്‍ കൂടെ അറസ്റ്റിലായവരേക്കാള്‍ പൊലിസ് ഭര്‍ത്താവിനെ ഉപദ്രവിച്ചതായും കാപ്പന്റെ ഭാര്യ പറഞ്ഞു.
ഫോണ്‍ വിളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണിത്. മഥുരയിലെ ജയിലില്‍നിന്ന് എല്ലാ ദിവസവും ഫോണില്‍ വിളിച്ചിരുന്ന ഭര്‍ത്താവ് ഒരാഴ്ചയായി വിളിച്ചിട്ടില്ല. എന്തു സംഭവിച്ചെന്ന് അറിയാനാവാത്തത് ഏറെ ആശങ്കപ്പെടുത്തുന്നതായും റൈഹാന പറഞ്ഞു.
സുപ്രിം കോടതി ഇടപെട്ടതോടെയാണ് അറസ്റ്റിലായി 43ാം ദിവസം അഭിഭാഷകനെ വിളിക്കാന്‍ കാപ്പന് അവസരം ലഭിച്ചത്. 50ാം ദിവസം കുടുംബവുമായി സംസാരിക്കാനും അവസരം ലഭിച്ചു. പിന്നീട് എല്ലാ ദിവസവും വിളിക്കുമായിരുന്നു. എന്നാല്‍ കാപ്പനെതിരേ കൂടുതല്‍ ശക്തമായ കുറ്റങ്ങള്‍ ആരോപിച്ച് യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനുശേഷമാണ് ഫോണ്‍ വിളി നിലച്ചത്. കഴിഞ്ഞ 11നാണ് അവസാനമായി വിളിച്ചത്. സാധാരണ ജിയിലില്‍നിന്ന് ആഴ്ചയിലൊരിക്കലാണ് വിളിക്കാന്‍ അനുവദിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്നലെ വിളിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഭര്‍ത്താവിനെ കാണാന്‍ അനുമതി തേടി മഥുര ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും റൈഹാന പറഞ്ഞു.
യു.പിയില്‍ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന്, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലിസ് കത്തിച്ചുകളഞ്ഞ ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍പോയ കാപ്പനെ ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലിസ് അറസ്റ്റ് ചെയ്തത്.
ഹത്രാസിലെ നിരോധനാജ്ഞ ലംഘിച്ചു, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ പിന്നീട് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് യു.എ.പി.എ ചുമത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."