അങ്കണവാടികളും തുറക്കുന്നു; ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണം. എന്നാല്‍ കുട്ടികള്‍ എത്തുന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി, പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കണമെന്നും സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവസന്ദര്‍ശനങ്ങള്‍ മുതലായവ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്താനായില്ല. സര്‍വേകളെല്ലാം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടികള്‍ തുറന്നാലും ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷനായി തന്നെ തുടരും. കുടുംബങ്ങളിലേക്ക് അങ്കണവാടികള്‍ എന്ന പദ്ധതി തുടരണമെന്നും സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ എന്നിവ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."