1,600 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യു.എസിലേക്കും കാനഡയിലേക്കും തിരിച്ചയക്കുമെന്ന് കംബോഡിയ
വിദേശ രാജ്യങ്ങള്‍ക്ക് അവരുടെ ഇ-മാലിന്യങ്ങള്‍ പുറന്തള്ളാനുള്ള ചവറ്റുകുട്ടയല്ല കംബോഡിയയെന്ന് പരിസ്ഥിതി മന്ത്രാലയ വക്താവ് നെത്ത് ഫെക്ട്ര പറഞ്ഞു
ഫ്‌നോം പെന്‍: ഷിപ്പിങ് കണ്ടെയ്‌നറുകളില്‍ നിന്ന് കണ്ടെത്തിയ 1,600 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യു.എസിലേക്കും കാനഡയിലേക്കും തിരിച്ചയക്കുമെന്ന് കംബോഡിയ അറിയിച്ചു. കംബോഡിയയിലെ പ്രധാന തുറമുഖമായ സിഹനൗക്വില്ലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച 83 ഷിപ്പിംഗ് കണ്ടെയ്‌നറുകളാണ് കണ്ടെത്തിയതെന്ന് പരിസ്ഥിതി മന്ത്രാലയ വക്താവ് നെത്ത് ഫെക്ട്ര പറഞ്ഞു. വിദേശ രാജ്യങ്ങള്‍ക്ക് അവരുടെ ഇ-മാലിന്യങ്ങള്‍ പുറന്തള്ളാനുള്ള ചവറ്റുകുട്ടയല്ല കംബോഡിയ. പ്ലാസ്റ്റിക് മാലിന്യങ്ങളും ലൂബ്രിക്കന്റുകളും ഇറക്കുമതിചെയ്യുന്നതിനും ഇവിടെത്തന്നെ റീസൈക്കിള്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
70 കണ്ടെയ്‌നറുകള്‍ യു.എസില്‍ നിന്നും 13 എണ്ണം കാനഡയില്‍ നിന്നുമാണ് വന്നത്. ഇരു രാജ്യങ്ങളും ഇത്തരം മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നവരാണ്. കംബോഡിയയില്‍ എങ്ങനെ ഇത്തരം കണ്ടെയ്‌നറുകള്‍ എത്തിയെന്നത് ഇക്കാര്യം പരിശോധിക്കാന്‍ രൂപീകരിച്ച സര്‍ക്കാര്‍ സമിതി അന്വേഷിക്കുമെന്ന് ഫെക്ട്ര പറഞ്ഞു. മാലിന്യം കൊണ്ടുവരുന്നതില്‍ പങ്കാളികളാണെന്ന് കണ്ടെത്തുന്ന എല്ലാ കമ്പനികളേയും പിഴ ചുമത്തി കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ടെയ്‌നറുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ബണ്ടില്‍ ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചിത്രങ്ങളും കംബോഡിയന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള സ്ഥലമല്ല കംബോഡിയയെന്നും അത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനോ പുനരുപയോഗം നടത്താനോ അനുവദിക്കില്ലെന്നും കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ പറഞ്ഞിരുന്നു. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെ കംബോഡിയയ്ക്ക് കടുത്ത പ്രശ്‌നമാണ് ഉണ്ടാക്കുന്നത്.
തെക്ക്കിഴക്കന്‍ ഏഷ്യന്‍ തീരങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നുണ്ട്. ഫ്രാന്‍സും ആസ്‌ത്രേലിയയും മറ്റു വികസിത രാജ്യങ്ങളും കയറ്റിവിട്ട മാലിന്യം നിറച്ച കണ്ടെയ്‌നറുകള്‍ അതതു രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കുകയാണെന്ന് ഇന്തോനേഷ്യയും അടുത്തിടെ പ്രക്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി നിരോധിക്കാനുള്ള ചൈനയുടെ തീരുമാനം ആഗോള റീസൈക്ലിംഗ് രംഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. വികസിത രാജ്യങ്ങള്‍ അവരുടെ മാലിന്യങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കട്ടെയെന്നാണ് ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."