ബാര്‍ തുടങ്ങാന്‍ സ്വകാര്യ ഹോട്ടലിന് എന്‍.ഒ.സി പൂവാറില്‍ റോഡുപരോധം; സംഘര്‍ഷം
വിഴിഞ്ഞം: സ്വകാര്യ ഹോട്ടലിന് ബാര്‍ തുടങ്ങാന്‍ എന്‍.ഒ.സി നല്‍കിയ പൂവാര്‍ പഞ്ചായത്തിനെതിരെ ജനകീയ മുന്നണി നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ ചേര്‍ന്നു റോഡുപരോധം പൂവാര്‍ മേഖലയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. ഇവിടെ വാഹന ഗതാഗതം പൂര്‍ണമായി നിലച്ചു.
സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ പിന്തുണയോടെ ബാറിന്എന്‍.ഒ.സി നല്‍കിയതിനെതിരെ അഞ്ചു മാസമായി തുടരുന്ന സമരമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉപരോധസമരത്തെ പ്രതിരോധിക്കാനെത്തിയ നാട്ടുകാരില്‍ ഒരു വിഭാഗവും സമരക്കാരും തമ്മില്‍ കല്ലേറും കൈയാങ്കളിയുമുണ്ടായി. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
രാവിലെ മുതല്‍തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസ് വളഞ്ഞിരുന്നു. പിന്നീട് പ്രശ്‌ന പരിഹാരത്തിന് ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ലെന്നാരോപിച്ച സമരക്കാര്‍ ഉച്ചക്ക് പന്ത്രണ്ടോടെ പ്രതിഷേധവുമായി തെരുവിലിറങ്ങി. മീന്‍ പിടിത്ത വള്ളങ്ങള്‍ എത്തിച്ച് റോഡിന് കുറുകെയിട്ട ജനം ഇരുചക്രവാഹനങ്ങളെയും പോകാന്‍ അനുവദിച്ചില്ല. ഇതോടെ പൂവാര്‍ കളിയിക്കാവിള , നെയ്യാറ്റിന്‍കര ,കാഞ്ഞിരംകുളം, വിഴിഞ്ഞം റോഡുകളിലെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വൈകുന്നേരം ആറോടെ കുരുങ്ങിക്കിടന്ന വാഹനങ്ങള്‍ തിരിച്ച് വിടാനുള്ള ഒരു വിഭാഗത്തിന്‍രെ ശ്രമം സമരക്കാര്‍ തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി.
സ്ത്രീകളും വനിതാ പൊലിസുകാരും തമ്മിലും നിരവധിതവണ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍ കോണ്‍ഗ്രസുകാരായ മൂന്നു പഞ്ചായത്തംഗങ്ങള്‍ നിരാഹാര സമരം തുടങ്ങിയത് സമരത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍, പൂവാര്‍ സി.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ രാത്രിയോടെ ഡെപ്യൂട്ടി കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തില്‍ ജനകീയ സമിതി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഡെപ്യൂട്ടി കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത സ്ഥലം വിട്ടതോടെ പ്രശ്‌ന പരിഹാരം അനിശ്ചിതത്വത്തിലായി. ഈ സമയത്തൊക്കെയും പ്രതിഷേധം പലപ്രാവിശ്യം അക്രമാസക്തമായത് പൊലിസിനും തലവേദനയായി.
രാത്രി ഒന്‍പതരയോടെ എം.വിന്‍സെന്റ് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ദിവ്യ എസ്.അയ്യര്‍, റൂറല്‍ എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ബാറിന് എന്‍.ഒ.സി നല്‍കിയതിനെ സംബന്ധിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി, പഞ്ചായത്ത് വകുപ്പ് മന്ത്രി എന്നിവരെ നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പടുത്തി എന്‍.ഒ.സി നല്‍കിയതീരുമാനം പഞ്ചായത്ത് ഡയറക്ടറെക്കൊണ്ട് താല്‍കാലികമായി മരവിപ്പിക്കാമെന്നും നിയമവശം ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കാമെന്നും ഡെപ്യൂട്ടി കലക്ടര്‍ എഴുതി നല്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."