മെഡി. കോളജുകളില്‍ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ വരുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്ട്രോക്ക് ബാധിച്ചവര്‍ക്ക് അടിയന്തര ചികിത്സാസൗകര്യമൊരുക്കുന്ന കോമ്പ്രിഹെന്‍സീവ് സ്ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും വരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി സ്കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു തുടങ്ങി എല്ലാ സൗകര്യവുമുള്ളതാണ് മെഡിക്കല്‍ കോളജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ മെഡിക്കല്‍ സംഘമാണ് സ്ട്രോക്ക് സെന്ററിലുണ്ടാകുക. മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തിനുകീഴിലാണ് സ്ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക.
ഹെല്പ് ലൈന്‍ നമ്പറും ഉണ്ടാകും. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണവും മറ്റും ഡോക്ടര്‍മാര്‍ പറഞ്ഞുതരും. കൂടാതെ രോഗി എത്തുന്നതിന് മുന്‍പുതന്നെ രോഗിക്കാവശ്യമായ സജ്ജീകരണങ്ങളുമൊരുക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ 4,96,18,770 രൂപയുടെ ഭരണാനുമതി നല്കി. ഡി.എസ്.എ ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റം, ആന്‍ജിയോഗ്രാഫിക് ഇന്ജക്ഷന് സിസ്റ്റം, പോര്‍ട്ടബിള്‍ കളര്‍ ഡോപ്ലര്‍, ഇ.ടി.ഒ, വര്‍ക്ക് സ്റ്റേഷന്, തൈറോയിഡ് ഷീല്‍ഡ് തുടങ്ങിയവയ്ക്കായാണ് ഈ തുക അനുവദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിലവിലുള്ള സ്ട്രോക്ക് യൂനിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."