മേപ്പാടി-ചൂരല്‍മല റോഡ് വികസനം; തടസമായി വനം വകുപ്പിന്റെ ജണ്ട
ചൂരല്‍മല: മലയോര ഹൈവേ കടന്നുപോകുന്ന പാതയില്‍ ഉള്‍പ്പെട്ട മേപ്പാടി-ചൂരല്‍മല റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് വനം വകുപ്പ് സ്ഥാപിച്ച ജണ്ട തടസമാകുമെന്ന് ആക്ഷേപം. പുത്തുമലയിലെ മോഡല്‍ ഫോറസ്റ്റ് ഓഫിസിന് സമീപം റോഡരികില്‍ പുതുതായി അതിര്‍ത്തി നിര്‍ണയിച്ച് നിര്‍മിച്ച ജണ്ടയാണ് പാതക്ക് വിലങ്ങാകുമെന്ന് ആക്ഷേപമുയരുന്നത്. റോഡരികിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചിരിക്കുന്നത്.
12 മീറ്റര്‍ വീതിയാണ് പാതക്ക് ആവശ്യമായി വരുന്നത്. ഇതില്‍ ഏഴു മീറ്ററാണ് ടാറിങ്. ജണ്ട സ്ഥാപിച്ച സ്ഥലത്തിന്റെ മറുവശത്തുള്ള സ്ഥലം ചതുപ്പും കൈത്തോട് കടന്നുപോകുന്നതുമാണ്. കൂടാതെ ഈ ഭാഗം കുഴിയുമാണ്. പാതക്ക് ഏറ്റവും അനുയോജ്യം വനം വകുപ്പ് ജണ്ട സ്ഥാപിച്ച ഭാഗം ഏറ്റെടുക്കലാണ്. ഈ ഭാഗം ഏറ്റെടുത്താന്‍ വളവ് കുറക്കാനും കഴിയും. എന്നാല്‍ മറുഭാഗം ഏറ്റെടുക്കുകയാണെങ്കില്‍ ഇരുപത് മീറ്ററിലധികം സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടി വരും.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പാതയുടെ പ്രവൃത്തി തുടങ്ങിയതിന് ശേഷം വനം വകുപ്പിന്റെ നിലപാട് എതിരായാല്‍ പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പ് ഇനിയും തുടരേണ്ടിവരും. വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും റോഡ് നിര്‍മാണത്തിന് ഇത് തടസമാകില്ലെന്നുമാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ പാതയുടെ പൂര്‍ത്തീകരണത്തിന് നടപടികള്‍ നടന്നുകൊണ്ടിരിക്കെ ജണ്ട കെട്ടിയത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ണമായ പദ്ധതി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പരിശോധന കൂടി കഴിഞ്ഞാല്‍ റോഡ് പ്രവൃത്തി ആരംഭിക്കാനാകും. നാല്‍പത്തിയഞ്ച് കോടി രൂപയാണ് ഇതിനായി വകയിരിത്തിയിട്ടുള്ളത്. മേപ്പാടി ടൗണിലെ കെ.ബി റോഡില്‍ അളവെടുപ്പ് പൂര്‍ത്തിയാക്കി പൊളിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാത കടന്നു പോകുന്ന ഭാഗങ്ങളിലെ പാലത്തിന്റെ ബലവും ബലക്ഷയമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ പരിശോധനയും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, താഞ്ഞിലോട്, നെല്ലിമുണ്ട, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. നിലവില്‍ റോഡ് പലയിടങ്ങളിലും പാടെ തകര്‍ന്ന നിലയിലാണ്. വീതി കുറവും റോഡരിക് ഇടിഞ്ഞ് കുഴിയായതും ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പാതയാഥാര്‍ഥ്യമായാല്‍ പ്രദേശങ്ങളിലുള്ളവരുടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."