ആനക്കൊമ്പു കേസ്: മോഹന്‍ലാലിനെ അനുകൂലിച്ച് വനം വകുപ്പിന്റെ സത്യവാങ്മൂലം
കൊച്ചി: ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ അനുകൂലിച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് ചൂണ്ടിക്കാട്ടി ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹന്‍ലാലിനെതിരേ തുടര്‍നടപടി വേണ്ടെന്നും ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2012 ജൂണിലാണ് തേവരയിലെ മോഹന്‍ലാലിന്റെ ഫ്‌ളാറ്റില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ഇവ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."