'ക്രിസ്തീയ മുസ്ലിം ഇതര കീഴാള ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് ആരെയാണ് ഇപ്പോള്‍ സി പി എം തൃപ്തിപ്പെടുത്തുന്നത്'- ഡോ. ഉമര്‍ തറമേല്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയത്തെ തുടര്‍ന്നുള്ള സി.പി.എം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഡോ. ഉമര്‍ തറമേല്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിമര്‍ശനം. കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കുമ്പോള്‍ സംഘ പരിവാറിന്റെ അതേ ഉന്മാദം ഇന്നത്തെ ഇന്ത്യയില്‍ ഒരിടതുപക്ഷ സംഘടനക്ക് എന്തു കൊണ്ടുണ്ടാവുന്നു എന്ന കാര്യം രാഷ്ട്രീയ ബോധമുള്ളവരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിനെയല്ലാതെ ആരെയാണ് സി പി എം കേന്ദ്രത്തില്‍ ഒരു ബദല്‍ മുന്നണിയുടെ അമരത്തിരിക്കാന്‍ ഇന്നു സ്വപ്നം കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയം പരിശോധിച്ചാല്‍, ക്രിസ്തീയ മുസ്ലിം ഇതര കീഴാള ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് ആരെയാണ് ഇപ്പോള്‍ സി പി എം തൃപ്തിപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
പൂര്‍ണരൂപം
സി പി എമ്മില്‍ നിന്നായിരിക്കുമോ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി?
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയം കേരളത്തിലെ സി പി എമ്മിനെ അങ്ങിനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. ഇന്ന് മുഖ്യ മന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ അങ്ങനെ തോന്നും.
കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കുമ്പോള്‍ സംഘ പരിവാറിന്റെ അതേ ഉന്മാദം ഇന്നത്തെ ഇന്ത്യയില്‍ ഒരിടതുപക്ഷ സംഘടനക്ക് എന്തു കൊണ്ടുണ്ടാവുന്നു എന്ന കാര്യം രാഷ്ട്രീയ ബോധമുള്ളവരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും.
മാത്രമല്ല, കേരളത്തിലെ മുന്നണി ബന്ധങ്ങള്‍, ഒരു പരിധിവരെ കേരളത്തിലെ സെക്കുലര്‍ കാഴ്ചപ്പാട് ശക്തമാക്കുന്നതില്‍, ചെറുതല്ലാത്ത റോള്‍ വഹിച്ചിട്ടുണ്ട്. ഇവിടുത്തെ ഇന്ക്ലൂസീവ് പൊളിറ്റിക്‌സില്‍ അത്തരം ചേരലുകള്‍ക്ക് ഏറെ ചരിത്ര പ്രാധാന്യവുമുണ്ട്.ജോസ് കെ മാണി ഇടതുപക്ഷത്തു ചേക്കേറിയത്, സാക്ഷാല്‍ മാണി സാര്‍ പോലും വിചാരിക്കാത്ത മട്ടില്‍, സി പി എമ്മിന്റെ വലിയേട്ടന്‍ മനോഭാവത്തെ ഉറപ്പിക്കുകയാണ് ചെയ്തത്.
അതിന്റെ, ദുഷ്ട ഭാരം മുഴുവന്‍ കേരളത്തിലെ ഇതര ന്യൂനപക്ഷ /കീഴാള ജനത പേറണം എന്ന മനോഭാവം ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉന്മാദ വര്‍ഗീയ കൂട്ടുകെട്ടി നെതിരെയുള്ള ബദല്‍ മുന്നണി സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കും. കോണ്‍ഗ്രസ്സിനെയല്ലാതെ ആരെയാണ് സി പി എം കേന്ദ്രത്തില്‍ ഒരു ബദല്‍ മുന്നണിയുടെ അമരത്തിരിക്കാന്‍ ഇന്നു സ്വപ്നം കാണുന്നത്.
അതുപോട്ടെ, കേരളത്തിന്റെ രാഷ്ട്രീയം പരിശോധിച്ചാല്‍, കൃസ്തീയ മുസ്ലിം ഇതര കീഴാള ജനവിഭാഗങ്ങളെ
ഭിന്നിപ്പിച്ചുകൊണ്ട് ആരെയാണ് ഇപ്പോള്‍ സി പി എം തൃപ്തിപ്പെടുത്തുന്നത്?
1971 നു ശേഷമുള്ള മറ്റൊരു ബംഗാള്‍ വിഭജനം അടുത്ത വര്‍ഷം സംഭവിക്കാനിരിക്കുന്നു. അത് 'മഹാരാജാവിനാല്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.അര നൂറ്റാണ്ടു കാലം ആരായിരുന്നു പശ്ചിമ ബംഗാള്‍ ഭരിച്ചിരുന്നതെന്നു മഹത്തായ ഒരു പാര്‍ട്ടി മറന്നുപോയി എന്നുതോന്നുന്നു.ആ വലിയ രാജ്യത്തുണ്ടായ രാഷ്ട്രീയ സാമൂഹ്യ നവോത്ഥാനത്തിന്റെ ഒരഞ്ചു ശതമാനം പോലും കേവലം കോഴിമുട്ടയോളം വലിപ്പമുള്ള, ഈ കൊച്ചു കേരളത്തിന് നല്‍കാന്‍ പറ്റിയിട്ടില്ല എന്നു പറഞ്ഞാല്‍ അതൊരു അധികപ്രസംഗമല്ല.
ഒരു ജനത മുഴുവന്‍ ഏതാനും കോര്‍പ്പറേറ്റ് മാര്‍വാടികളുടെ കഴലിണ തൊഴുതു പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍, കേരളം എന്ന ഒരു തുണ്ട് ഭൂമി, ഏറെ ചെറുതെങ്കിലും തങ്ങളുടെ ന്യൂനപക്ഷ/ കീഴാള കൂട്ടായ്മയിലൂടെ, സാമൂഹ്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ ഒരു ജനത എന്ന നിലയ്ക്ക് നിവര്‍ന്നു നിന്ന ചരിത്രത്തെ വിസ്മരിക്കരുത്. ഒരു ഇടതുപക്ഷ സമൂഹത്തെ നയിക്കുന്നരാഷ്ട്രീയ പാര്‍ട്ടി പ്രത്യേകിച്ചും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."