വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും
തെരഞ്ഞെടുപ്പില്‍ തോറ്റതിലുള്ള ചിന്താഭാരം (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'കോഗ്‌നിറ്റീവ് ലോഡ് ') കൊണ്ട് ദിനേശ് ബീഡി വലിച്ചു തലപുണ്ണാക്കിയ കുമാരപ്പിള്ള സര്‍ അനന്തരം പച്ചവെള്ളം ചവച്ചരച്ചും കടിച്ചുമുറിച്ചും കുടിക്കുംവിധം ആ സത്യം തുറന്നുപറഞ്ഞു, ''വര്‍ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല.''
ആ 'പരമസത്യം' വാ പൊളിച്ചു കേട്ടിരുന്ന ഉത്തമനടക്കം പലര്‍ക്കും കാര്യം പിടികിട്ടിയില്ല. ദിനേശന്‍ മാത്രം എല്ലാം മനസ്സിലായെന്ന മട്ടില്‍ വിധേയനായിരുന്നു.
ഒടുവില്‍ ഉത്തമന്‍ തുറന്നുചോദിച്ചു, ''എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നു ലളിതമായി പറഞ്ഞുതരാമോ.''
അതു കേട്ട ദിനേശനതു രസിച്ചില്ല. ദിനേശന്‍ ഉത്തമനെ ശാസിച്ചു, ''കുമാരപ്പിള്ള സര്‍ നമ്മുടെ പാര്‍ട്ടിയുടെ താത്വികാചാര്യനാണ്. തല്‍ക്കാലം സര്‍ പറയുന്നത് അനുസരിച്ചാല്‍ മതി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെന്നതു ശരിതന്നെ. അതുപോലെ സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ എല്ലാവരും ഒരുമിച്ചിരുന്നു കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുന്നതും ദിനേശ് ബീഡി വലിക്കുന്നതും.''
കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെത്തന്നെയാണ് എല്ലായിടത്തും. അങ്ങു ചൈനയിലും ക്യൂബയിലും വടക്കന്‍കൊറിയയിലുമൊക്കെ ഇതാണു സ്ഥിതി. അപ്പോള്‍, ഇങ്ങു കേരളത്തില്‍, അതില്‍ത്തന്നെ, തിരോന്തരത്തെ യൂനിവേഴ്‌സിറ്റി കോളജില്‍ അത് ആവര്‍ത്തിച്ചാല്‍ അതിലിത്ര മഹാപരാധമെന്തിരിക്കുന്നു!
ചെറിയൊരു ഹീറോ പേനകൊണ്ടു നെഞ്ചത്തു സ്‌നേഹപൂര്‍വം കോറിയതിനെ ഇത്രപെരുപ്പിച്ചുകാട്ടാനും പെരുമ്പറ മുഴക്കാനും എന്തിരിക്കുന്നു.
അല്ലേലും പണ്ടുമുതലേ ഇവിടുത്തെ പത്രങ്ങള്‍ അങ്ങനെയാണ്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തും. മാധ്യമഭാഷയില്‍ പറഞ്ഞാല്‍ ഹിഡന്‍ അജന്‍ഡ. നേരം വെളുത്താലുടന്‍ തുടങ്ങും കമ്യൂണിസത്തെ തറപറ്റിക്കാനുള്ള വേലത്തരങ്ങള്‍. കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളുമുണ്ടായതാണു പ്രശ്‌നം.
സംവിധായകന്‍ കമല്‍ മൊഴിഞ്ഞപോലെ, വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചെറിയ പടലപ്പിണക്കത്തെ ഇത്രമാത്രം വഷളാക്കിയത് ഈ മാധ്യമങ്ങളാണ്. എസ്.എഫ്.ഐയിലെ ഒരു പറ്റം എ.പി.എല്‍ ബുദ്ധിജീവികള്‍ അതിലെത്തന്നെ ഒരു ബി.പി.എല്ലുകാരന്റെ നെഞ്ചത്തു കഠാര കുത്തിയിറക്കിയ ചെറിയ സംഭവം ഇത്രമേല്‍ കൊട്ടിഘോഷിക്കേണ്ടതുണ്ടോ. വടക്കന്‍ കൊറിയയിലോ ചൈനയിലോ ആയിരുന്നെങ്കില്‍ കമാ എന്നൊരക്ഷരം ഉരിയാടുമായിരുന്നോ ഈ മാധ്യമപ്രഭൃതികള്‍.
പണ്ട് ചൈനയില്‍ ഇച്ചിരി സ്വാതന്ത്ര്യവും ഇച്ചിരി സോഷ്യലിസവും ഇച്ചിരി ജനാധിപത്യവും ആവശ്യപ്പെട്ട വിദ്യാര്‍ഥികളെ എന്താണു ചെയ്തതെന്ന് അറിയാമല്ലോ. കേരളയൂനിവേഴ്‌സിറ്റി കോളജിലായാലും ടിയാനെന്‍മെന്‍ സ്‌ക്വയറിലായാലും അത്തരം ശിക്ഷകള്‍ നല്ലൊരു നാളേയ്ക്കു വേണ്ടിയാണ്. സമത്വസുന്ദരസുരഭില മധുരമനോജ്ഞ വര്‍ഗരഹിത സ്വര്‍ഗരാജ്യം കെട്ടിപ്പടുക്കാന്‍ ഇത്തിരി അക്രമവും കത്തിക്കുത്തുമൊക്കെ വേണ്ടിവരും.
ഇനി കുറ്റമാണേല്‍പ്പോലും അങ്ങനെയല്ലാതാക്കാനല്ലേ ഭരണം കൈയിലുള്ളത്. എസ്.എഫ്.ഐ നേതാവ് പൊലിസുകാരനെ ആക്രമിച്ചാല്‍ പൊലിസുകാരനു സസ്‌പെന്‍ഷന്‍. കോളജില്‍ അക്രമത്തെ എതിര്‍ത്ത അധ്യാപകനു മെമ്മോ. ഇത്തരം മറിമായം നടത്തി ആരെ വേണമെങ്കിലും രക്ഷപ്പെടുത്താനാകും. തല്‍ക്കാലം അറസ്റ്റ് ചെയ്‌തേക്കാം.
അതു വിഡ്ഢികളായ പത്രക്കാരുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണ്. ഇടവേള കഴിഞ്ഞു തിരിച്ചുവരാനാകും. ഊരിപ്പിടിച്ച കഠാരകള്‍ക്കും ഉയര്‍ത്തിപ്പിടിച്ച വടിവാളുകള്‍ക്കുമിടയിലൂടെ നെഞ്ചുവിരിച്ചു നടക്കുക, പാടത്തെപ്പണിക്കു വരമ്പത്തുതന്നെ കൂലികൊടുക്കുക... അതൊക്കെയാണല്ലോ മുന്‍ഗാമികള്‍ കാണിച്ചുതന്നത്. അതു പിന്തുടര്‍ന്നാല്‍, ഇന്ന് അവരിരിക്കുന്ന സ്ഥാനത്തു നാളെ എത്തിച്ചേരാനാകും. അങ്ങനെ തലമുറകളുടെ ശ്രേണി സൃഷ്ടിക്കപ്പെടട്ടെ.
---
സിവില്‍ പൊലിസ് ഓഫിസര്‍ നിയമനത്തിനു പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും ഇരുപത്തിയെട്ടാം സ്ഥാനവും യൂനിവേഴ്‌സിറ്റി കോളജിലെ സര്‍ഗവസന്ത നായകന്മാര്‍ക്ക്. ഒരുപക്ഷേ അഖിലിനെക്കുത്തിയ കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും പഠിക്കാന്‍ മിടുക്കരായിരിക്കാം. പക്ഷേ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇവര്‍ ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കു നേടിയതു സംശയമുളവാക്കുന്നു.
അതിനു കാരണവുമുണ്ട്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന് 78.33 മാര്‍ക്ക്, രണ്ടാം റാങ്കുകാരനായ നസീമിന് 78 മാര്‍ക്ക്. മൂന്നാംറാങ്കുകാരനു ലഭിച്ചത് 71 മാര്‍ക്ക്. ഇവിടെയാണു പ്രശ്‌നം. രണ്ടാം സ്ഥാനക്കാരനും മൂന്നാം സ്ഥാനക്കാരനും തമ്മിലുള്ള വ്യത്യാസം 7 മാര്‍ക്ക്. ഇത് ഒരിക്കലും സംഭവിക്കില്ല. 15 ലക്ഷം പേരെഴുതിയ പരീക്ഷയില്‍ ഒരു മാര്‍ക്കു വ്യത്യാസത്തില്‍പ്പോലും 50 പേരെങ്കിലും വരും. അപ്പോള്‍ ഏഴു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ചുരുങ്ങിയത് 300 പേരെങ്കിലും വേണം. ഈ മറിമായം പി.എസ്.സി പരിശോധിക്കുമെന്നു കരുതാം.
കാസര്‍കോട് ജില്ലയിലേയ്ക്ക് അപേക്ഷിച്ച ശിവരഞ്ജിത്ത് പരീക്ഷയെഴുതിയതു തിരുവനന്തപുരത്താണ്. ഇതെങ്ങനെ സംഭവിച്ചുവെന്നെങ്കിലും പി.എസ്.സി വിശദീകരിക്കണം. ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കുപോലും പി.എസ്.സി ജില്ല മാറി പരീക്ഷയെഴുതാന്‍ അവസരം കൊടുക്കാറില്ല.
കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യം പറയാതിരിക്കുകയാണു നല്ലത്. രാഷ്ട്രീയാതിപ്രസരരോഗം ബാധിച്ച കുറേ സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു മത്തങ്ങാ റിപ്പബ്ലിക്കാണത്. അവിടത്തെ ഉത്തരപ്പേപ്പറുകളും അഡീഷണല്‍ ഷീറ്റുമൊക്കെ കെട്ടുകെട്ടായി കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയതില്‍ അത്ഭുതമേയില്ല. ശരിയായ ഉത്തരം കിട്ടില്ലെങ്കിലും സര്‍വകലാശാല ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്.
കായിക മികവില്‍ ശിവരഞ്ജിത്തിനു പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ലഭിച്ചത് 13.58 മാര്‍ക്കാണ്. അമ്പെയ്ത്തു മത്സരത്തില്‍ ദേശീയതലത്തില്‍ പങ്കെടുത്തുവെന്നാണു പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതിയും പരിശോധിക്കേണ്ടതാണ്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും അധിപനായ ഗവര്‍ണറെങ്കിലും ഇക്കാര്യത്തില്‍ ഇടപെടുമെന്നു പ്രതീക്ഷിക്കുന്നു.
ഔദ്യോഗികയാത്രയില്‍ ഭാര്യയുടെ ചെലവുകൂടി സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെടുന്ന പി.എസ്.സി ചെയര്‍മാനും അംഗങ്ങളും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നപോലെ ഉത്തരവാദിത്വം നിറവേറ്റാനും ബാധ്യത കാട്ടണം. മജിസ്റ്റീരിയല്‍ അധികാരം പ്രതീക്ഷിച്ചു നില്‍ക്കുന്ന പൊലിസ് ഉള്ള അധികാരം ആദ്യം പ്രയോഗിച്ചു മിടുക്കു കാട്ടാനും ശ്രമിക്കണം.
---
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ഗുണ്ടായിസവും അക്രമവിളയാടലുമായി ബന്ധപ്പെട്ടുകൊണ്ടാകണം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് കുറിപ്പെഴുതിയത്. കുറിപ്പിലൊരിടത്തും യൂനിവേഴ്‌സിറ്റി കോളജിനെക്കുറിച്ചോ എസ്.എഫ്.ഐയെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ല എന്നതു വേറെ കാര്യം.
പണ്ട് ഇദ്ദേഹം സ്പീക്കര്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ ബി.ജെ.പി എം.എല്‍.എയായ ഒ. രാജഗോപാല്‍ പറഞ്ഞ കാര്യം ഓര്‍മ വരുന്നു. സ്പീക്കറുടെ പേരില്‍ ശ്രീയും രാമനും കൃഷ്ണനുമുണ്ടെന്നായിരുന്നു അത്. എന്നുവച്ചാല്‍ സദ്ഗുണസമ്പന്നനാണെന്ന്. ഇത്രമേല്‍ ഉയര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായതുകൊണ്ടാവണം വിഷയത്തിന്റെ ഉള്ളറകളിലേയ്ക്കു കയറാതിരുന്നത്.
അക്രമത്തില്‍ ഹൃദയം നുറുങ്ങിയതും കരള്‍ പിടഞ്ഞതും ലജ്ജാഭാരംകൊണ്ടു ശിരസ്സ് പാതാളത്തോളം താഴ്ന്നതും നല്ല കാര്യം. അക്രമത്തെ അപലപിക്കാന്‍ ഇപ്പോള്‍ താങ്കള്‍ക്കു കഴിയും. സ്പീക്കര്‍ക്കു രാഷ്ട്രീയമില്ലല്ലോ. ഉള്ളതു പറയാന്‍ ആരുടേയും സമ്മതം വേണ്ട, ആരേയും പേടിക്കുകയും വേണ്ട. അതുകൊണ്ടു കലാലയ രാഷ്ട്രീയത്തിന്റെ സ്‌നേഹ നിലാവിനെക്കുറിച്ചും അതിന്റെ സര്‍ഗാത്മക യൗവനത്തെക്കുറിച്ചും അങ്ങേയ്ക്ക് അവരെ ഓര്‍മിപ്പിക്കാം. അത്രയും ചോദിച്ചത് നല്ലത്.
പക്ഷേ, മനസ്സിലാവാത്ത ഒരു കാര്യമുണ്ട് സര്‍. അങ്ങു കുറിപ്പില്‍ പരാമര്‍ശിച്ച 'നിങ്ങള്‍' ആരാണ്. അത് ഊഹിച്ചെടുക്കാന്‍ സാധാരണക്കാര്‍ക്കു കഴിയണമെന്നില്ലല്ലോ. അതുകൊണ്ട്, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, എസ്.എഫ്.ഐ യൂനിവേഴ്‌സിറ്റി കോളജില്‍ നടത്തിയ അക്രമമെന്നു പച്ച മലയാളത്തില്‍ തുറന്നെഴുതൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."