റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ നടപടി: ഓങ് സാന്‍ സൂകിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി
ഒട്ടാവ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂകിയുടെ ബഹുമതി പൗരത്വം കാനഡ റദ്ദാക്കി. ദീര്‍ഘകാലമായി നിലനിന്നിരുന്ന പൗരത്വമാണ് പ്രതിഷേധത്തിന്റെ ഭാഗമായി റദ്ദാക്കിയത്.
സൂകിയാണ് കനേഡിയന്‍ പൗരത്വം റദ്ദാക്കപ്പെടുന്ന ആദ്യത്തെയാള്‍. സൂകിയുടെ പൗരത്വം റദ്ദാക്കുന്നതു സംബന്ധിച്ച് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ഇന്നാണ് കനേഡിയന്‍ പാര്‍ലമെന്റായ സെനറ്റില്‍ വോട്ടെടുപ്പ് നടന്നത്. ഏകകണ്ഠമായാണ് തീരുമാനത്തെ അംഗങ്ങള്‍ അംഗീകരിച്ചത്.
ആദരസൂചകമായി സൂകിക്ക് 2007 ലാണ് കാനഡ പൗരത്വം നല്‍കിയത്. അന്ന് മ്യാന്മറില്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സൂകി. എന്നാല്‍ ഇന്നു സ്ഥിതിമാറി.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടും അധികാരത്തിലേറിയ ഉടനെ സൈന്യം നടത്തിയ കൂട്ടവംശഹത്യയ്ക്ക് ഓങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൗനസമ്മതം നല്‍കി. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വംശഹത്യയെന്നായിരുന്നു രാഖൈനില്‍ മുസ്‌ലിംകള്‍ക്കെതിരായ നടപടിയെ യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശേഷിപ്പിച്ചത്. സൈനിക ജനറല്‍മാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു തള്ളുകയാണ് സൂകി ചെയ്തത്.
ഇതോടെ മ്യാന്മറിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമായി. അതിനിടെയാണ് കാനഡയുടെ ശക്തമായ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."