വിശപ്പും വികാരവും മനുഷ്യന്റെ സഹജ സ്വഭാവങ്ങള്‍
വിശപ്പും വികാരവും മനുഷ്യന്റെ സഹജ സ്വഭാവങ്ങളാണ്. അവയോട് നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ്. എന്നാല്‍ ഇവ രണ്ടിലും മുഴുകുന്നത് മനുഷ്യനെ കേവലം വാലില്ലാത്ത ഒരു മൃഗം മാത്രമാക്കി അധ:പതിപ്പിക്കും.
മാനുഷികമായ ഇത്തരം അനിവാര്യതകള്‍ക്ക് ആത്മിക പരിവേഷം നല്‍കുന്ന ഇസ്‌ലാം പൗരോഹിത്യത്തെയും സന്യാസത്തെയും നിരുത്സാഹപ്പെടുത്തുകയും സെക്‌സും ഫുഡ്ഡും ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്ന ഫ്രോയിഡിന്റെയും മാര്‍ക്‌സിന്റെയും വികല വീക്ഷണങ്ങളോട് കര്‍ശനമായി വിയോജിക്കുകയും ചെയ്യുന്നു. വിശക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷിക്കുക വിവാഹ പ്രായമെത്തുമ്പോള്‍ മാന്യമായ രീതിയില്‍ അതു നിര്‍വഹിക്കുക. 'നിങ്ങള്‍ തിന്നുക, കുടിക്കുക, പക്ഷെ അമിതമാവരുത്'' ഇതാണിസ്‌ലാമിന്റെ വീക്ഷണം.
വ്രതാനുഷഠാനത്തെ മനുഷ്യത്വത്തോടുള്ള നിരാകരണമായി വിലയിരുത്താന്‍ നിര്‍വാഹമില്ല. ഭൗതിക താല്‍പര്യങ്ങളില്‍ നിമഗ്‌നായി തനി മൃഗീയതയിലേക്ക് വഴിമാറിപ്പോവുന്ന മനുഷ്യന് അസ്തിത്വബോധം വീണ്ടെടുക്കാനുള്ള ഇടവേളയാണ് വ്രതവേള. ആത്മീയ സാഫല്യാര്‍ഥം ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു നിലപാടും സ്വീകാര്യമല്ല.
ശരീരേഛകളെ കീഴ്‌പ്പെടുത്താനെന്ന പേരില്‍ അന്നപാനാദികള്‍ വെടിഞ്ഞ് ശരീരത്തെ ശോഷിപ്പിച്ച് ശരീര പീഢക്കൊരുമ്പെട്ട ഒരനുയായിയെ ശാസിച്ച് പിന്തിരിപ്പിക്കുകയാണ് പ്രവാചകര്‍(സ്വ) ചെയ്തത്.
മനുഷ്യനെ സൃഷ്ടിച്ച്, ആഹാര വിഹാരങ്ങളെ അനുഭവവേദ്യമാക്കിയ അല്ലാഹു അവന്റെ കല്‍പനയെ മാനിച്ച് അല്‍പ സമയത്തേക്ക് ഭക്ഷണം വര്‍ജ്ജിക്കാന്‍ കല്‍പ്പിക്കുമ്പോള്‍ അതിന് വഴങ്ങുന്ന അനുസരണശീലന്‍ ആരാണെന്ന് ബോധ്യപ്പെടുത്തുകയെന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കപ്പെടുന്നത്.
ആത്മികവും മാനസികവുമായ വളര്‍ച്ചയില്‍ കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്ന പാര്‍ശ്വഫലങ്ങള്‍ നോമ്പിലുണ്ട്. മനുഷ്യന്റെ ആദ്യന്തിക ലക്ഷ്യം ആത്മിക മോക്ഷമാണ്. ഭൗതികാവശ്യങ്ങള്‍ അതിനുള്ള ഉപാധിയും.
ഭൗതിക താല്‍പര്യങ്ങളില്‍ മുഴുകി അന്തിമലക്ഷ്യം വിസ്മരിക്കുന്നതും ലക്ഷ്യബോധം തലക്കു പിടിച്ച് വഴികളെ പാടെ അവഗണിക്കുന്നതും ഉചിതമല്ല. മനുഷ്യന്‍ ദേഹേച്ഛകളില്‍ മുഴുകുമ്പോള്‍ പിശാച് സഹായം നല്‍കി ദൈവ സ്മരണയില്‍ നിന്നടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ മനുഷ്യന്‍ തന്റെ ഇച്ഛാശക്തികൊണ്ട്, ദൈവപ്രീതി മുന്‍നിര്‍ത്തി അല്‍പനേരം ആത്മ നിയന്ത്രണം കൈക്കൊള്ളുമ്പോള്‍ ആജീവനാന്തം പിശാചിനും അവന്റെ മിഥ്യാവലയത്തിനുമെതിരേ സമരം ചെയ്യാനുള്ള ഊര്‍ജ്ജമാണവന്‍ ആര്‍ജ്ജിക്കുന്നത്.
ലേഖകന്‍ സമസ്ത കേന്ദ്ര മുശാവറാ അംഗവും സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റുമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."