മതവിധികള്‍ പഠിക്കാത്ത വിധിന്യായം അനുചിതം: ബഷീര്‍ ഫൈസി ദേശമംഗലം
ചെറുതുരുത്തി: മതവിധികള്‍ പറയേണ്ടത് പണ്ഡിതന്മാരാണെന്നും ജഡ്ജിമാര്‍ ആ വിഷയത്തില്‍ ഇടപെടുന്നത് രാജ്യത്തിന്റെ ഭരണഘടനയെ കളങ്കപ്പെടുത്തുകയും പാരമ്പര്യത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. ജില്ലയില്‍ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്ത വിഖായ വളണ്ടിയര്‍മാരെ ആദരിക്കുന്നതിന് ഗാന്ധിജയന്തി ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഖായ ഗ്രാന്‍ഡ് സല്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി രാജ്യത്തെ പരമോന്നത നീതിപീഠം പാസാക്കിയ പല വിധിന്യായങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണെന്നും മതത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മതവിഷയത്തില്‍ ആധികാരിക ജ്ഞാനമുള്ള പണ്ഡിതര്‍ തീരുമാനിക്കലാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ തത്വസംഹിതകളെ ഇല്ലാതാക്കാനും കൈകടത്താനുമുള്ള ശ്രമം സമസ്ത നിയമപരമായി പ്രതിരോധിക്കും. സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മഹറൂഫ് വാഫി അധ്യക്ഷനായി.
അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജംഇയത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്വീഫ് ദാരിമി, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. അബ്ദുല്‍ കരീം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ഗിരീഷ്, ടി.എസ് മമ്മി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശഹീര്‍ ദേശമംഗലം, രാഹുല്‍ പഴുന്നാന, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സിറാജ് തെന്നല്‍, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, ഷാഹിദ് കോയതങ്ങള്‍, സലാം ദേശമംഗലം, സയ്യിദ് ഹാഫിസ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് സ്വാഗതവും മേഖല സെക്രട്ടറി കെ.ഇ ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.
കാലത്ത് നടന്ന പുതിയ വിഖായ ആക്ടീവ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഒന്നാം ഘട്ട പരിശീലന ക്യാംപ് സുലൈമാന്‍ ദാരിമി ഏലംകുളം ഉദ്ഘാടനം ചെയ്തു.
വിഖായ മെഡിറ്റേഷന്‍, ട്രോമാ കെയര്‍, വിഖായ സഹചാരി, സംഘാടനം തുടങ്ങിയ വിഷയങ്ങളില്‍ എസ്.എസ്.എം സീനിയര്‍ ട്രെയിനര്‍ ഷമീം ഫൈസി പാപ്പനായിപ്പാറ, കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഡോ. അമീന്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."