പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത നിലയില്‍
പൂക്കോട്ടുംപാടം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് മഹാ ക്ഷേത്രത്തിലെ ശ്രീകോവിലുകളിലെ വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കോവിലുകള്‍ തുറന്ന നിലയിലും വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലും കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കല്ലുകൊണ്ടുള്ള വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലായിരുന്നു. ശിവന്റെ ശ്രീകോവിലിന്റെ പൂട്ട് മുറിച്ച് അകത്തുകടന്നാണ് വിഗ്രഹം തല്ലിത്തകര്‍ത്തിട്ടുള്ളത്. വിഷ്ണു കോവില്‍ കുത്തിത്തുറന്നാണ് അകത്തുകടന്നു വിഗ്രഹം തള്ളിയിട്ടു പൊട്ടിച്ചത്. പൂര്‍ണകായ വിഗ്രഹം കാല്‍മുട്ടിനു മുകളില്‍ പൊട്ടിച്ചു പിറകിലേക്കു തള്ളിയിട്ടിരിക്കുകയാണ്. മറ്റ് ഉപദേവന്മാരുടെ ശ്രീകോവില്‍ വാതിലുകള്‍ തുറന്നനിലയിലുമാണ് കാണപ്പെട്ടത്.
ക്ഷേത്രത്തിലുണ്ടായിരുന്ന ആനപ്പന്തം പിറകുവശത്തെ വാതിലിനു സമീപമാണ് കിടന്നിരുന്നത്. തിരുമുറ്റത്തു സ്ഥാപിച്ചിരുന്ന നിര്‍മാല്യധാരിക്കല്ല് പുഴക്കിയിട്ടതായി കണ്ടെത്തി. ക്ഷേത്രം ചുറ്റമ്പലത്തിന്റെ പടിഞ്ഞാറേ ഭാഗത്തെ ഓടിളക്കിയാണ് അക്രമികള്‍ അകത്തു പ്രവേശിച്ചിരിക്കുന്നത്. ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരനാണ് പിറകുവശത്തു വാതില്‍ തുറന്ന നിലയില്‍ ആദ്യം കണ്ടത്. സംശയംതോന്നി മേല്‍ശാന്തി വി.എം ശിവപ്രസാദിനെ വിവരമറിയച്ചു.
ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ രാത്രി വൈകിയാണ് ഭാരവാഹികള്‍ പോയത്. രാത്രി കവല്‍ക്കാരനുണ്ടായിരുന്നെങ്കിലും മഴ കാരണം ശബ്ദം ഒന്നും കേട്ടില്ല. പൂക്കോട്ടുംപാടം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ ശിവദാസന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസെത്തുകയും ചെയ്തു. ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയുള്ളതായാണ് സൂചന.
ക്ഷേത്രം ആക്രമണത്തെ തുടര്‍ന്നു ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടം അങ്ങാടിയില്‍ നാമജപ യാത്ര നടത്തി. ദുഃഖസൂചകമായി പൂക്കോട്ടുംപാടത്ത് പകല്‍ പത്തു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിച്ചു.
ഐ.ജി അജിത് കുമാര്‍, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രദേശത്തു ക്യാംപ് ചെയ്യുകയാണ്. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പി.വി അന്‍വര്‍ എം.എല്‍.എ, സബ് കലക്ടര്‍ ഇന്‍ചാര്‍ജ് ജയശങ്കര്‍ പ്രസാദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."