തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോര്‍പറേഷനുകളില്‍ രാവില 11.30നുമാണ് ചടങ്ങ്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും ചടങ്ങുകള്‍.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമോ ആയ ഒരാള്‍ക്ക് മാത്രമാണ് കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശനം.
ഏതെങ്കിലും അംഗം കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം വരണാധികാരിയെ മുന്‍കൂട്ടി അറിയിച്ച ശേഷം പി.പി.ഇ കിറ്റ് ധരിച്ച് നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യാം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്. കോര്‍പറേഷനുകളില്‍ ജില്ലാ കലക്ടര്‍മാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു ചുമതലയേല്‍ക്കുന്നതിനായി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. സംസ്ഥാനത്ത് ആകെ 21,865 പേരെയാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരൊഴികെ മറ്റുള്ള മുഴുവന്‍ പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 28നും 30 നുമായി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."