നടിയെ അപമാനിച്ച സംഭവം; യുവാക്കള്‍ പൊലിസ് കസ്റ്റഡിയില്‍
കളമശ്ശേരി: ഇടപ്പള്ളി ലുലു മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ കീഴടങ്ങാനെത്തവേ യുവാക്കളെ കളമശേരി സ്റ്റേഷനു സമീപത്തുനിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് കളമശേരി പൊലിസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ജോലി ആവശ്യത്തിനാണ് തങ്ങള്‍ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള ട്രെയിന്‍ എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് മാളിലെത്തിയതെന്നുമാണ് യുവാക്കള്‍ പറയുന്നത്.
ഇവിടെവച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കള്‍ പറയുന്നു.
എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല.
ദുരുദ്ദേശ്യത്തോടെയല്ല കൊച്ചിയിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു.
അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നും യുവാക്കള്‍ പറയുന്നു.
യുവാക്കളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശേരി പൊലിസ് പെരിന്തല്‍മണ്ണിയിലെത്തിയെങ്കിലും യുവാക്കള്‍ അഭിഭാഷകനോടൊപ്പം കീഴടങ്ങാനായി കളമശേരി സ്റ്റേഷനിലേക്കെത്തുകയായിരുന്നു.
സംഭവം മണത്തറിഞ്ഞ പൊലിസ് പ്രതികള്‍ സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുന്‍പായി റോഡരികില്‍വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, പ്രതികളോട് ക്ഷമിച്ചെന്നും വിഷയത്തില്‍ ഇടപെട്ട പൊലിസിനും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും നടി പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."