ബന്ധുക്കള്‍ എതിര്‍ത്തു; നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം പൂവണിഞ്ഞില്ല
കൊടുങ്ങല്ലൂര്‍: സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായിരുന്ന നജ്മല്‍ ബാബു (ടി.എന്‍ ജോയി) വിന്റെ അന്ത്യാഭിലാഷം പൂവണിഞ്ഞില്ല. ബന്ധുക്കളുടെ സമ്മര്‍ദത്തിനൊടുവില്‍ ഇന്നലെ മരിച്ച നജ്മല്‍ ബാബുവിന്റെ മയ്യിത്ത് സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നേരത്തെ ടി.എന്‍ ജോയി ആയിരുന്ന അദ്ദേഹം പിന്നീട് മുസ്‌ലിമാവുകയായിരുന്നു. തന്റെ അന്ത്യാഭിലാഷം ചേരമാന്‍ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പള്ളിയില്‍ ഖബറടക്കാന്‍ വിട്ടുകൊടുക്കില്ലെന്നായിരുന്നു മരണശേഷം ബന്ധുക്കളുടെ നിലപാട്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി മയ്യിത്ത് സഹോദരന്റെ വീട്ടുവളപ്പില്‍ സംസ്‌കരിക്കേണ്ടി വന്നത്. നജ്മല്‍ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ടു സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. നജ്മല്‍ ബാബു നിരീശ്വരവാദിയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വാദിച്ചത്. 'പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല, നജ്മല്‍ ബാബു അങ്ങനെ പലതും പറയും'എന്നായിരുന്നു സഹോദരനടക്കമുള്ള ബന്ധുക്കളുടെ നിലപാട്. ആര്‍.ഡി.ഒയും കലക്ടറും ഇടപെട്ട് താല്‍ക്കാലികമായി ശവസംസ്‌കാരം ആദ്യം തടഞ്ഞിരുന്നു. ചേരമാന്‍ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രം അധികൃതര്‍ക്കു നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അധികൃതര്‍ ബന്ധുക്കള്‍ക്കൊപ്പം നിന്നതോടെ നജ്മല്‍ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെട്ടുകയായിരുന്നു. നജ്മല്‍ ബാബുവിന്റെ സംസ്‌കാരത്തെച്ചൊല്ലി കൊടുങ്ങല്ലൂരില്‍ ചെറിയ രീതിയില്‍ സംഘര്‍ഷവുമുണ്ടാവുകയും ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് പൊലിസ് കാവലില്‍ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്. നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ കൂട്ടായ്മ ആര്‍.ഡി.ഒക്കു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്കു സംസ്‌കാര ചടങ്ങ് മാറ്റിവയ്ക്കാന്‍ ആര്‍.ഡി.ഒ വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ പ്രേമചന്ദ്രന്‍ പൊലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ക്കു പൊലിസ് അനുമതി നല്‍കി. പൊലിസ് മൈതാനിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് മനുഷ്യാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആംബുലന്‍സിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ചവരെ പൊലിസ് ബലം പ്രയോഗിച്ചു നീക്കി. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മനുഷ്യാവകാശ കൂട്ടായ്മ പ്രവര്‍ത്തകരെ നീക്കം ചെയ്ത ശേഷം പൊലിസ് കാവലില്‍ മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോയി. വിവിധ കേന്ദ്രങ്ങളില്‍ നജ്മല്‍ ബാബുവിനായി നിസ്‌കാരം നടന്നു. പ്രമുഖ നക്‌സലൈറ്റ് നേതാവായ ടി.എന്‍ ജോയി അഞ്ചുവര്‍ഷം മുന്‍പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."