യോഗിയെ കാണാനെത്തിയ സിഖ് വംശജന്റെ തലപ്പാവ് അഴിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാനെത്തിയ സിഖ് വംശജന്റെ തലപ്പാവ് സുരക്ഷാജീവനക്കാര്‍ അഴിപ്പിച്ചു. ലഖ്നൗ സ്വദേശിയായ തേജ്പാല്‍ സിങ്ങിനാണ് ദുരനുഭവമുണ്ടായത്.
1984ല്‍ നടന്ന സിഖ് കലാപത്തിനിടെ ഖൊരക്പൂരില്‍ അക്രമികള്‍ തന്നോട് തലപ്പാവ് അഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനു ശേഷം ആദ്യത്തെ സംഭവമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരില്‍നിന്ന് താന്‍ നേരിട്ടതെന്ന് 56കാരനായ തേജ്പാല്‍ പറഞ്ഞു.
അതേസമയം, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണാനുള്ള പ്രവേശന പാസ് ലഭിച്ച തേജ്പാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് യോഗിയുടെ വസതിയിലെത്തിയത്. എന്നാല്‍, സിഖ് മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നമായ കൃപാന്‍ ധരിച്ചെത്തിയ തേജ്പാലിനെ എന്തിനാണ് കത്തി കൈവശം വച്ചിരിക്കുന്നതെന്ന് ചോദിച്ച് സുരക്ഷാ ജീവനക്കാരന് പുറത്തേക്ക് തള്ളിയിട്ടു. സിങ്ങിന്റെ ശരീരമാസകലം പരിശോധന നടത്താന്‍ ഇയാള്‍ അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥ തലപ്പാവ് ഊരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് തേജ്പാല്‍ സിങ് പറഞ്ഞു.
ശേഷം പ്രവേശനാനുമതി ലഭിച്ച തേജ്പാല്‍ യോഗി ആദിത്യനാഥിനോട് സംഭവം വിശദീകരിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരേ മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കിയതായി തേജ്പാല്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."