വാക്‌സിന്‍ നിര്‍മാണം സര്‍ക്കാര്‍തലത്തില്‍ അപ്രായോഗികമെന്ന് സമിതി നിഗമനം
വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് നല്ലതാണെന്നും സമിതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍തലത്തില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിഗമനം. അതേസമയം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി വാക്‌സിന്‍ ഉത്പാദനത്തിനുള്ള സാധ്യത ആരായാനും സമിതി ശുപാര്‍ശ ചെയ്യും.
നവംബര്‍ 16നാണ് കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിനും സഹകരണത്തിനുമുള്ള സാധ്യത കണ്ടെത്താനും എന്‍സൈം, കാന്‍സര്‍ മരുന്ന് എന്നിവ പോലുള്ള പ്രോട്ടീന്‍ അധിഷ്ഠിത ബയോളജിക്കലുകള്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ വികസന യൂണിറ്റ് സ്ഥാപിക്കാനുമായി സര്‍ക്കാര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ വൈറോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ മുന്‍ മേധാവി ടി. ജേക്കബ് ജോണ്‍ അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചത്.
സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇത് വികസിപ്പിക്കുന്നതിന്, കഠിനമായ ഗവേഷണ ശ്രമങ്ങളും വിഭവങ്ങളും ഫണ്ടും ആവശ്യമാണ്. ഏറ്റവും പ്രധാനം സമയമെടുക്കുമെന്നതാണ്. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് നല്ലതാണെന്നുമാണ് സമിതിയുടെ നിര്‍ദേശമെന്നറിയുന്നു. സമിതി ഉടന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.
വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, സൈഡസ് കാഡില എന്നീ കമ്പനികളുമായി കേരളത്തില്‍ വാക്‌സിന്‍ യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇത് നിര്‍മിച്ചാല്‍ കൂടുതല്‍ ചെലവ് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."