ചന്ദനക്കടത്ത് കേസില്‍ രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: വീട്ടില്‍ ചന്ദനമുട്ടികള്‍ സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ പിടിയിലായി. മാതമംഗലം പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ മുഹമ്മദലി(45), സഹോദരന് നസീര്‍(34) എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. 2015 ഡിസംബര്‍ 12ന് ഇവരുടെ വീട്ടില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 105 കിലോ ചന്ദനമുട്ടികള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. മുഹമ്മദലിയുടെ മകന് മുര്‍ഷിദ് അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഇരുവരെയും രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെരുവാമ്പയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സോളമന് ടി ജോര്‍ജ്ജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.വി മനോജ് കുമാര്‍, ഉണ്ണികൃഷ്ണന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ മധു, ശിവശങ്കരന്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."