മഹേശന്റെ ആത്മഹത്യ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസെടുക്കാന്‍ കോടതി, തുഷാര്‍ മൂന്നാം പ്രതി
ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യാ കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെയും പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവ്.
വെള്ളാപ്പള്ളി നടേശന് , അദേഹത്തിന്റെ ഓഫിസ് സെക്രട്ടറി കെ.എല്‍ അശോകന്, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ മഹേശന്റെ ഭാര്യ പി.ഉഷാദേവി സമര്‍പ്പിച്ച സ്വകാര്യ ഹരജിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോഡിനേറ്റര്‍ കൂടിയായ കെ.കെ മഹേശനെ കഴിഞ്ഞ ജൂണ്‍ 23നാണ് കണിച്ചു കുളങ്ങര യൂനിയന്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളാപ്പള്ളിക്കും മറ്റുമെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയെ സമീപിച്ചത്. മഹേശന്റെ ആത്മഹത്യാ കുറിപ്പുകളും മറ്റും തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയും അശോകനെയും തുഷാറിനെയും രണ്ടും മൂന്നും പ്രതികളാക്കിയും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് പ്രത്യേക അന്വേഷണസംഘത്തിനും കൈമാറിയ കേസ് നിലവില്‍ നിര്‍ജീവമായ അവസ്ഥയിലാണ്.
മഹേശന്റെ കുടുംബം നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാറിനെയും അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."