താലൂക്കാശുപത്രിയില്‍ ഒ.പി സൗകര്യം ചുരുക്കി; രോഗികള്‍ ദുരിതത്തില്‍
കൊയിലാണ്ടി: താലൂക്കാശുപത്രി ഒ.പിയില്‍ ശ്വാസം വിടാന്‍ ഇടമില്ല. കൈകുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് ചികിത്സ തേടിയെത്തുന്നവര്‍ കടുത്ത ദുരിതം പേറുന്നു. താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ച ഒ.പിയാണ് നിന്ന് തിരിയാന്‍ ഇടമില്ലാത്ത തരത്തില്‍ ചുരുക്കി സജ്ജീകരിച്ചിരിക്കുന്നത്. നൂറ് കണക്കിന് രോഗികള്‍ക്ക് ഒരേ സമയം പരിശോധനക്ക് വേണ്ടി കാത്തുനില്ക്കാന് വിശാലമായ സൗകര്യമുണ്ടായിരുന്ന ഹാള്‍ പാര്ട്ടീഷന് ചെയ്ത് ചുരുക്കിയതാണ് ദുരിതങ്ങള്‍ക്ക് കാരണം.
അത്യാഹിത വിഭാഗം, ട്രോമാകെയര്‍, ഇ.സി.ജി, ഡ്രസിങ്, സ്റ്റാഫ് റൂമുകള്‍, ഒ.പി ഹാള്‍ വെട്ടി കുറച്ച് പുനക്രമീകരിച്ചിരിക്കുകയാണ്. പ്രതിദിനം രണ്ടായിരത്തിലധികം രോഗികള്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. വലുപ്പം കുറഞ്ഞ ഹാളില്‍ ശുദ്ധവായു ശ്വസിക്കാനോ, ശ്വാസം വിടാനോ സാധിക്കാതെ കടുത്ത ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്. ഒ.പിയിലെത്തുന്ന രോഗികള്‍ക്കനുസരിച്ച് പരിശോധനക്ക് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സക്കെത്തിയവര്‍ മണിക്കൂറുകളോളമാണ് തിങ്ങി ഞെരുങ്ങി നില്‍ക്കുന്നത്. ചികിത്സാ സൗകര്യം വെട്ടി ച്ചുരുക്കി താലൂക്കാശുപത്രി ഒ.പിയെ ദുരിത കേന്ദ്രമാക്കിയ ആശുപത്രി അധികൃതരുടെ നിലപാട് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."