കേന്ദ്രം നടപ്പിലാക്കുന്നത് സംഘപരിവാര്‍ അജണ്ട: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ : രാജ്യത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയാണ് കന്നുകാലി കശാപ്പ് നിരേധന ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് എ. ഐ. സി.സി.ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എം. പി.
ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സര്‍ക്കാര്‍ നടപടി മൗലീകാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണ് കന്നുകാലി വില്‍പ്പന നിരോധനത്തിലൂടെ നടപ്പാക്കാനൊരുങ്ങുന്നത്. ഭൂരിപക്ഷം ജനവിഭാഗങ്ങളും മാംസാഹാരം അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു രാജ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനമാണിത്.
സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ , കേന്ദ്ര സര്‍ക്കാര്‍ ചുരുങ്ങിയ പക്ഷം സംസ്ഥാനങ്ങളുടെ അഭിപ്രായീ തേടേണ്ടതായിരുന്നു. തികച്ചും ഏകപക്ഷീയമായി ഒരു ഉത്തരവിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ആവശ്യത്തിന് കന്നുകാലികള്‍ ലഭ്യമല്ലാത്ത അവസരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ കന്നുകാലികളെ എത്തിക്കുന്നത് വില്‍പന നിരോധിക്കുന്നതും അപ്രായോഗിക നിയന്ത്രണങ്ങള്‍കൊണ്ടു വരുന്നതും മാംസ വിപണിയേയും ഈ മേഖലയെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന രാജ്യത്തെ ലക്ഷക്കണക്കിനാളുകളെ പ്രതികൂലമായി ബാധിക്കും.
നിരോധന നീക്കം ജനങ്ങളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. റംസാന്‍ മാസം ആചരിക്കുന്ന ഈ അവസരത്തില്‍ തന്നെ ഇങ്ങനെ ഒരു നീക്കവുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത് ദുരുദ്ദേശപരമാണ് . ഈ ജനവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍സംഘടിപ്പിക്കും. സംസ്ഥാനസര്‍ക്കാര്‍ കേരളത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം. പിന്തിരിയാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുവാന്‍ തയ്യാറാവണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."