കേരളം ഹര്‍ത്താലിനോട് പറഞ്ഞു 'കടക്കുപുറത്ത് '; 5 മാസം കൊണ്ട് നേടിയത് 12,000 കോടി
കോഴിക്കോട്: കേരളം ഹര്‍ത്താലിനോട് 'നോ' പറഞ്ഞിട്ട് 150 ദിവസം പിന്നിട്ടു. ഈ 150 ദിവസത്തിനിടെ ആറോളം സംസ്ഥാന ഹര്‍ത്താലുകള്‍ നടത്താനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് മുതിര്‍ന്നില്ല. ഓരോ ഹര്‍ത്താലും സംസ്ഥാനത്തിന് 2000 കോടിയുടെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്കാക്കുന്നത്. എങ്ങനെയെങ്കില്‍ ഈ കണക്കെടുപ്പില്‍ കേരളത്തിന്റെ ലാഭം 12000 കോടി കടക്കും.
കാസര്‍കോട് പെരിയയില്‍ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 18ന് യൂത്തു കോണ്‍ഗ്രസ് ആഹ്വാന പ്രകാരം നടന്നതായിരുന്നു അവസാന സംസ്ഥാന ഹര്‍ത്താല്‍. ചില വ്യക്തികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില പ്രദേശിക ഹര്‍ത്താലുകള്‍ മാത്രമാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചിട്ടുള്ളൂ. അതേസമയം ആറ് സംസ്ഥാന ഹര്‍ത്താലുകള്‍ വരെ നേരിടേണ്ടി വന്നേക്കാവുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയായിരുന്നു ഈ കാലഘട്ടത്തില്‍ സംസ്ഥാനം കടന്നുപോയതും.
മാവോയിസ്റ്റ് നേതാവ് ജലീല്‍ വയനാട്ടില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതു മുതല്‍ യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ സഹപാഠിയെ കുത്തിവീഴ്ത്തിയതു വരെയുള്ള ഒട്ടനവധി സംഭവങ്ങള്‍ സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ യു.ഡി.എഫും കെ.എസ്.യുവും സമരമുഖത്തായിരുന്നുവെങ്കിലും ഹര്‍ത്താലിന് മുതിര്‍ന്നില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈവരെ മാത്രം സംസ്ഥാനത്ത് ചെറുതും വലുമായ 29 ഹര്‍ത്താലുകള്‍ നടന്നിരുന്നു. 2017 ഇതേ കാലയളവില്‍ 49 ഹര്‍ത്താലുകളായിരുന്നു കേരളത്തില്‍ നടന്നത്.
ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴു ദിവസം നേരത്തെ നോട്ടിസ് നല്‍കണമെന്ന് കോടതി ഉത്തരവും ഹര്‍ത്താലിനെതിരേ ജനം പ്രതിരോധിക്കാന്‍ തുടങ്ങിയതുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ജനവിരുദ്ധ സമരായുധം ഉപേക്ഷിക്കാന്‍ മുഖ്യകാരണം. കോടതി ഉത്തരവുണ്ടായിട്ടും ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ യൂത്തു കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് കോടതിയലക്ഷ്യവും സാമ്പത്തിക നടപടിയും നേരിട്ടതോടെ നേതാക്കളും ഹര്‍ത്താല്‍ ആഹ്വാനത്തില്‍ നിന്നും പിന്നോട്ടുപോയി.
മുന്‍ കാലങ്ങളില്‍ ഒരു വര്‍ഷം ശരാശരി 100 എന്ന നിലയിലായിരുന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടന്നിരുന്നത്. ഇതിനെതിരേ 'സേ നോ ടു ഹര്‍ത്താല്‍' എന്ന കൂട്ടായ്മ രംഗത്തു വന്നിരുന്നു. ഈ സംഘടനയുടെ ഇടപെടല്‍ കൂടിയാണ് ഇപ്പോള്‍ പുതിയ ഹര്‍ത്താല്‍ വിരുദ്ധ ചരിത്രം എഴുതികൊണ്ടിരിക്കുന്നത്.
150 ദിവസത്തിനിടെ ഹര്‍ത്താല്‍ സാധ്യതയുണ്ടായിരുന്നു പ്രധാന സംഭവങ്ങള്‍
1. പൊലിസിന് മജിസ്റ്റീയല്‍ അധികാരം നല്‍കികൊണ്ട് കമ്മിഷണറേറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനം (പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്ത്)
2. കണ്ണൂര്‍ ആന്തൂരില്‍ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഡേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ.(സി.പി.എമ്മിനും ആന്തൂര്‍ നഗരസഭക്കുമെതിരേ വ്യാപക പ്രതിഷേധം)
3. നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനില്‍ ഉരുട്ടികൊലയെ തുടര്‍ന്ന്് റിമാന്‍ഡ് തടവുകാരന്‍ രാജ്കുമാറിന്റെ മരണം (നിയമസഭക്കകത്തും പുറത്തും യു.ഡി.എഫ് പ്രതിഷേധം)
4. സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി (യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം)
5. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ (സര്‍ക്കാരിനെതിരേ യു.ഡി.എഫ്)
6. യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളുടെ കുത്തേറ്റ് സഹപാഠിക്ക് പരുക്ക്; വിദ്യാര്‍ഥി പ്രക്ഷോഭം (സംസ്ഥാനത്തെ യുദ്ധക്കളമാക്കി പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം തുടരുന്നു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."