സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ ആകാശവാഹനം യന്ത്രവാഹനങ്ങള്‍ ഉപയോഗിക്കാതെയുള്ള ഗതാഗതം പ്രോത്സാഹിപ്പിച്ച് കൊച്ചി മെട്രൊ
സ്വന്തം ലേഖകന്‍
കൊച്ചി: പുകയില്ല, അന്തരീക്ഷ മലിനീകരണവുമില്ല.. ഒപ്പം ആരോഗ്യത്തിന് ഒരു കൈത്താങ്ങ്... കൊച്ചി മെട്രൊയാണു സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. മെട്രൊ ഒരുക്കുന്ന നഗരത്തിലൂടെ സൈക്കിള്‍സവാരി നടത്താം. യന്ത്രവാഹനങ്ങള്‍ ഉപയോഗിക്കാതെയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. തികച്ചും സൗജന്യമായാണ് സൈക്കിള്‍ ഉപയോഗിക്കാന്‍ നല്‍കുക.
ആദിസ് ക്‌ളബ്ബുമായി സഹകരിച്ച് മാസം 100 മണിക്കൂര്‍ സവാരിയാണു കെഎംആര്‍എല്‍ ഒരുക്കുന്നത്. കൊച്ചി മെട്രോയുടെ ലോഗോ ആലേഖനംചെയ്ത നൂതന മോഡല്‍ സൈക്കിളുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചുകഴിഞ്ഞു. കലൂര്‍ ബസ്സ്റ്റാന്‍ഡിന് എതിര്‍വശം, സൌത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് പാലം, മേനക, ഷണ്മുഖം റോഡ് എന്നിവിടങ്ങളിലാണ് സൈക്കിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സൈക്കിള്‍സവാരിക്ക് താല്‍പ്പര്യമുള്ള ആര്‍ക്കും നിബന്ധനകള്‍ കൃത്യമായി പാലിച്ച് അംഗത്വമെടുക്കാം. നിബന്ധനകള്‍ പാലിക്കാത്തപക്ഷം അംഗത്വം നഷ്ടമാകും.
മെട്രോയുടെ ആദ്യദിവസം ഒരു സര്‍വീസ് മാത്രമാണ് ഉണ്ടാവുകയെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. മെട്രോയുടെ കല്ലിടല്‍ ചടങ്ങിനിടെ ആദ്യയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണംചെയ്തിരുന്നു. ടിക്കറ്റ് കൈവശമുള്ളവര്‍ കെഎംആര്‍എല്‍ ഓഫീസിലെത്തി കൈമാറി യാത്രാ ടിക്കറ്റുകള്‍ വാങ്ങണം.
ഇടപ്പള്ളി സ്റ്റേഷനില്‍ കേരളീയ ചുമര്‍ ചിത്രങ്ങള്‍
മെട്രോ ഇടപ്പള്ളിസ്റ്റേഷന്റെ ചുവരുകള്‍ക്ക് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുവര്‍ചിത്രങ്ങള്‍ പ്രൌഢിയേകും. മെട്രോ സ്റ്റേഷനുകള്‍ കേരളത്തിന്റെ പ്രകൃതി, സംസ്‌കാരം തുടങ്ങി ഓരോ വിഷയവുമായി ബന്ധപ്പെട്ടാണ് രൂപകല്‍പ്പനചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇടപ്പള്ളി സ്റ്റേഷനില്‍ ചുവര്‍ചിത്രങ്ങള്‍ രചിക്കുന്നത്.
സ്റ്റേഷന്റെ ഉള്‍വശത്ത് ഇടത്തും വലത്തുമായി രണ്ടു ചുവര്‍ചിത്രങ്ങളാണ് ഉണ്ടാവുക. ഇടതുവശത്ത് 4.9 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ വീതിയിലും വലതുവശത്ത് 6.5 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ വീതിയിലുമായാണ് ചിത്രങ്ങള്‍ തയ്യാറാക്കുക. കൃഷ്ണനും രാധയുമാണ് ഒരു ചിത്രത്തിലുണ്ടാവുക. മറ്റൊരു ചിത്രത്തിന്റെ രൂപകല്‍പ്പന തയ്യാറായിട്ടില്ല.
എസ്‌കെ ഡിസൈന്‍സ് എന്ന സ്ഥാപനത്തിനാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന്റെ ചുമതല. ഇവര്‍ക്കുവേണ്ടി സുധീഷ്‌കുമാര്‍ എന്ന കലാകാരനാണ് ചുവര്‍ചിത്രം വരയ്ക്കുന്നത്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ ചുവര്‍ചിത്രം തയ്യാറാക്കിയതും എസ്‌കെ ഡിസൈന്‍സ് ആണ്. കെഎംആര്‍എല്‍ നിയോഗിച്ച കലാരംഗത്തെ പ്രശസ്തര്‍ ഉള്‍പ്പെട്ട സമിതിയാണ് എസ്‌കെ ഡിസൈന്‍സിനെ തെരഞ്ഞെടുത്തത്.
വെള്ള പശ്ചാത്തലത്തില്‍ അക്രിലിക് മാധ്യമത്തിലാണ് ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുക. ഇതിന് പരമ്പരാഗത കേരളീയ ചുവര്‍ചിത്രശൈലിയുടെ എല്ലാ മേന്മകളുമുണ്ടാകുമെന്ന് എസ്‌കെ ഡിസൈന്‍സ് അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്റെ അവസാന മിനുക്കുപണികള്‍ കുറച്ചു കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതും കൂടി പൂര്‍ത്തിയാക്കി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചാലുടന്‍ ചിത്രരചന ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."