സഊദിയിലെ തായിഫിൽ ലൈസൻസ് ഇല്ലാതെ ജോലി ചെയ്‌ത ഡോക്ടർ പിടിയിൽ
റിയാദ്: സഊദിയിലെ തായിഫിൽ ലൈസൻസ് ഇല്ലാതെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌ത ഡോക്ടർ പിടിയിൽ. സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്‌തു ഇദ്ദേഹത്തത്തിന് മതിയായ രേഖകളോ മറ്റോ ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പിലായിരുന്നില്ല ഇദ്ദേഹമെന്നും കണ്ടെത്തിയിട്ടുണ്ട്. സഊദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിസ് ലൈസൻസ് പോലും കരസ്ഥമാക്കാതെ ജോലി ചെയ്‌ത ഇദ്ദേഹത്തെ പിടികൂടിയ ഉടൻ തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായും സ്വകാര്യ ആരോഗ്യ സ്ഥാപന നിയമ കമ്മിറ്റി, പബ്ലിക് പ്രോസിക്യൂഷൻ എന്നിവക്ക് കേസ് റഫർ ചെയ്‌തതായും തായിഫ് ആരോഗ്യ വകുപ്പ് വക്താവ് സിറാജ് അൽ ഹുമൈദാൻ പറഞ്ഞു. ഇയാൾ ഏത് രാജ്യക്കാരാണെന്നു വ്യക്തമല്ല.
ആരോഗ്യ മേഖലയിൽ മതിയായ രേഖകളില്ലാതെ തൊഴിലെടുക്കരുതെന്നും നിയമ ലംഘനം കണ്ടെത്തിയാൽ ആറു മാസം വരെ തടവോ 100,000 വരെ പിഴയോ ലഭിക്കുമെന്നും ചിലപ്പോൾ രണ്ടും കൂടി വിധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ലൈസൻസ് ഇല്ലാതെ തൊഴിലെടുക്കുക, മന്ത്രാലയത്തിന് നൽകുന്ന രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടാകൽ, ലൈസൻസ് കരസ്ഥമാക്കുന്നതിനു അനധികൃത മാർഗ്ഗം സ്വീകരിക്കൽ, പൊതുജനങ്ങളെ വഞ്ചിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകൽ തുടങ്ങിയവക്ക് ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."