കടുത്ത എതിര്‍പ്പിനിടെ വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ കടന്നു: ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: വിവരാവകാശ കമ്മിഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാറിന് അവരുടെമേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 218പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 79 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ബില്ലിനെതിരേ പ്രതിപക്ഷപ്പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പുന്നയിച്ചു.
വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള മനപ്പൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഭേദഗതിയെന്ന് ചര്‍ച്ചയ്ക്കിടെ ശശി തരൂര്‍ പറഞ്ഞു. നിരവധി സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ പോസ്റ്റുകള്‍ ഒഴിവിട്ട് ഈ നിയമത്തെ കൊല്ലാനുള്ള ശ്രമം ഇതിനകം തന്നെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. 32000 കേസുകള്‍ ഇതിനകം തിര്‍പ്പാകാതെ കിടക്കുകയാണ്. അതില്‍ 9000 കേസുകള്‍ ഒന്നരവര്‍ഷം വരെ പഴക്കമുള്ളതാണ്.
80 വിവരാവകാശപ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശശിതരൂര്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ ചരിത്രത്തിലെ കറുത്ത ദിവസമാണിതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധിയും സേവനവേതന വ്യവസ്ഥകളും കേന്ദ്രസര്‍ക്കാരിന്റെ വിവേചനാധികാരത്തിന് വിധേയമാണെന്ന ഭേദഗതിവിവരാവകാശ കമ്മിഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും തകര്‍ക്കുന്നതാണ്. ഭരണഘടനയോടും നിയമനിര്‍മാണസഭയോടും ജുഡീഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് ഭേദഗതി. സുപ്രിംകോടതിയുടെ നിര്‍ബന്ധിത നിര്‍ദ്ദേശത്തെ ലംഘിച്ചുകൊണ്ടുള്ള പുതിയഭേദഗതി ജനാധിപത്യത്തോടുള്ളവെല്ലുവിളിയാണ്. ഭരണനിര്‍വഹണം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ കൊണ്ടുവന്ന സുപ്രധാന നിയമത്തെ കഴുത്തുഞെരിച്ച്‌കൊല്ലുന്ന കേന്ദ്ര സര്‍ക്കാരിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ബില്‍ പ്രകാരം വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് നിലവിലുള്ള നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടേതിന് തുല്യമായ പദവിയും ശമ്പളവുമുണ്ടാവില്ല. നിശ്ചിത ശമ്പളത്തിന് പകരം സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ നിശ്ചയിക്കുന്ന ശമ്പളമാണുണ്ടാകുക. കമ്മീഷണര്‍മാരുടെ കാലാവധിയും സര്‍ക്കാറിന് നിശ്ചയിക്കാം.
നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി. വിവരാവകാശ കമ്മിഷന്റെ നിലവിലുള്ള സ്വയം ഭരണാധികാരം ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റിന്റെ കഴിഞ്ഞ മഴക്കാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ബില്ലിന്റെ കോപ്പി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെങ്കിലും എതിര്‍പ്പ് മൂലം നടക്കാതെ പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."