തലസ്ഥാനം സാക്ഷിയായത് ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്ക്
അഭയകേസിലെ നേര് തേടിയുള്ള 28 വര്‍ഷങ്ങള്‍ നീണ്ട നിയമവഴികളുടെ തീര്‍പ്പിനായി തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നടപടികള്‍ നീങ്ങുമ്പോള്‍ മൂന്നര മണിക്കൂറോളം ആകാംക്ഷയിലായിരുന്നു തലസ്ഥാന നഗരം.
09.45 കോടതി വളപ്പില്‍ പ്രതികളെയും കാത്ത് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നിറയുന്നു.
ശക്തമായ സുരക്ഷ ഒരുക്കിയ പൊലിസ് വഞ്ചിയൂര്‍ കോടതിയിലെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു.
10.00 പ്രതികള്‍ കോടതിയിലേക്ക് എത്തുന്നു.
10.15 ജഡ്ജി സനല്‍കുമാര്‍ കോടതിയിലെത്തി. കോടതി നടപടികള്‍ ആരംഭിച്ചു.
10.42 സി.ബി.ഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പ്രവേശിച്ചു. തൊട്ടുപിന്നാലെ പ്രതിഭാഗം അഭിഭാഷകനുമെത്തി.
10.50 തോമസ് കോട്ടൂരും സെഫിയും കോടതിക്കു പുറത്തെ വരാന്തയിലെത്തി ഇരിപ്പിടങ്ങളിലിരുന്നു. കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തോമസ് കോട്ടൂര്‍ ആദ്യം കോടതി മുറിയിലേക്കു കയറി, പിന്നാലെ സെഫിയും.
11.01 കോടതി ആദ്യ രണ്ടു കേസുകള്‍ മാറ്റി വെക്കുന്നു.
11.03 മൂന്നാമത്തെ കേസായി അഭയ കേസ് പരിഗണിക്കുന്നു. തോമസ് കോട്ടൂരും സെഫിയും പ്രതികൂട്ടിലേക്കു കയറി. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ശക്തമെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമെന്നും കോടതി. കുറ്റം ചെയ്തതായി വ്യക്തമായെന്ന് ജഡ്ജി പറഞ്ഞതോടെ ഇരുവരുടേയും മുഖം മ്ലാനമായി. ഒന്നാം പ്രതി തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം (ഐ.പി.സി 302), തെളിവു നശിപ്പിക്കല്‍ (ഐ.പി.സി 201), അതിക്രമിച്ചു കയറല്‍ (ഐ.പി.സി 449) എന്നിവ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. മൂന്നാം പ്രതി സെഫിക്കെതിരേ കൊലക്കുറ്റവും തെളിവു നശിപ്പിക്കലുമാണ് ഉണ്ടായിരുന്നത്. വിധിപറയാന്‍ കേസ് മാറ്റിയതോടെ സെഫി പൊട്ടിക്കരഞ്ഞു. തോമസ് കോട്ടൂര്‍ ഭാവവ്യത്യാസമില്ലാതെ നിന്നു.
11.15 കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, വിധി പറയാന്‍ ബുധനാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചു.
11.20 കോടതി നടപടികള്‍ അവസാനിപ്പിച്ചു.
11.22 ജഡ്ജി കോടതി മുറിയില്‍നിന്ന് പോയശേഷം സെഫി ബെഞ്ചില്‍ തളര്‍ന്നിരുന്നു. ബന്ധുക്കളും പരിചയക്കാരും ആശ്വാസവാക്കുകളുമായി എത്തി. വെള്ളം ആവശ്യപ്പെട്ട സെഫിക്ക് അതു നല്‍കി. തോമസ് കോട്ടൂര്‍ വരാന്തയില്‍ ഭാവവ്യത്യാസമില്ലാതെ നിന്നു.
11.25 കേസുമായി മുന്നോട്ടുപോയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിധിവന്നശേഷം കോടതി പരിസരത്തുവച്ച് മാധ്യമങ്ങളെ കണ്ടു. വലിയ സന്തോഷമുണ്ടെന്നും ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നതെന്നും ജോമോന്‍ പ്രതികരിച്ചു.
11.45 പ്രതികളെ വൈദ്യപരിശോധനയ്ക്കായി കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നു.
11.47 കോടതി നിര്‍ദേശപ്രകാരം ഇരുവരെയും ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാനിറക്കിയപ്പോള്‍ മാധ്യമങ്ങള്‍ കാറിനെ വളഞ്ഞു.
11.55 പ്രതികളെ കൊവിഡ് പരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചു.
01.15 കൊവിഡ് ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്ന് ജയിലിലേക്ക് അയയ്ക്കുന്നു.
01.30 ഫാദര്‍ തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര ജയിലിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."