വിരുന്നെത്തി വിജയത്തിന്റെ വിശുദ്ധമാസം
വിശ്വാസികളെ വിജയത്തിന്റെ ശാദ്വല തീരത്തേക്ക് മാടി വിളിച്ച് കൊണ്ട് വിശുദ്ധമാസം വന്നെത്തി, വിശ്വാസികളുടെ മനസ്സിന് കുളിര്‍മയും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്തുകൊണ്ടാണ് വ്രതവിശുദ്ധിയുടെ നാളുകള്‍ വരവായത്. വിശുദ്ധ റമളാന്റെ പുണ്യദിനങ്ങളിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ എണ്ണമറ്റതാണ്. റഹ്മതും, മഗ്ഫിറതും, നരകമോചനവും. അതില്‍പ്പെട്ടതാണ്. ഏറ്റവും വലിയ ഭാഗ്യം നരകമോചനം തന്നെയാണ്. ഈ മാസം ലഭ്യമാകുന്ന നരകമോചനത്തിനു നാം യോഗ്യതനേടുക എന്നതാണു പ്രാധാന്യം. അല്ലാത്തവര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അകറ്റപ്പെടട്ടെ എന്ന ജിബ്രീല്‍ (അ) പ്രാര്‍ഥിക്കുകയും നബി(സ) ആമീന്‍ പറയുകയും ചെയ്ത ഹദീസ് ഏറെ പ്രസക്തമാണ്.
നരകമോചനം നേടുന്നതിന് അനിവാര്യമാണു നിരന്തരമായ പ്രാര്‍ഥന. അല്ലാഹുപറയുന്നു. നിങ്ങള്‍ പ്രാര്‍ഥിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ റബ്ബ് നിങ്ങളെ പരിഗണിക്കുകയില്ല. പ്രാര്‍ഥന ആകണമെങ്കില്‍ മനസ്സാന്നിധ്യം കൂടിയേ തീരു. അതിന് ഏറ്റവും അനുയോജ്യമായ നാളുകളും സമയങ്ങളുമാണ് വിശുദ്ധ റമദാന്റെ രാവുകളും പകലുകളും.
റമദാനില്‍ നാം പ്രത്യേകം നിരന്തരമായി ചോദിക്കുന്ന ആവശ്യങ്ങളില്‍ രണ്ടെണ്ണം അല്ലാഹുവിനെ പ്രത്യകം സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. ഒന്ന് അല്ലാഹുവിന്റെ ഏകത്വം ആവര്‍ത്തിച്ച് അംഗീകരിക്കലാണ്. രണ്ട് അല്ലാഹുവോട് പാപമോചനവും മാപ്പും ഇരക്കലാണ്. നാം അല്ലാഹുവോട് മാപ്പ് ഇരക്കുന്നതോടൊപ്പം മനുഷ്യരോട് മാപ്പ് ചോദിക്കേണ്ടതായി വരുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. അല്ലാഹുവോട് മാപ്പ് ഇരക്കല്‍ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഏതെങ്കിലും നിസ്സാരകാര്യങ്ങളുടെ പേരില്‍ ആരെങ്കിലുമായി പിണങ്ങി കഴിയുകയാണെങ്കില്‍ പിണക്കം തീര്‍ക്കാന്‍ ചിലപ്പോള്‍ മാപ്പ് പറയേണ്ടിവരും.
അതിനുള്ള മാനസികമായ പരിവര്‍ത്തനം നാം നേടണം. അതിനും കൂടിയുള്ള മാസമാണ് റമളാന്‍. മൂന്നാമത്തേയും നാലാമത്തേയും കാര്യങ്ങള്‍ നമുക്ക് പരമപ്രധാനമാണ്, സ്വര്‍ഗ്ഗ പ്രവേശനവും നരകമോചനവും യാചിക്കല്‍.
നമ്മുടെ ജീവിതലക്ഷ്യം തന്നെ അതാണല്ലോ ? ദുആക്ക് ഇജാബത്തുള്ള (ഉത്തരംകിട്ടുന്ന) സമയങ്ങള്‍ തന്നെ നാം ഉപയോഗിക്കണം. നോമ്പുകാരന് അല്ലാഹു ധാരാളം സന്തോഷങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പ്രത്യേകമായ സന്തോഷങ്ങള്‍ അല്ലാഹുവിന്റെ ദര്‍ശനം ലഭിക്കുമ്പോഴും നോമ്പ് മുറിക്കുമ്പോഴും ഉള്ളവയാണ്. ദൂആക്ക് ഇജാബത്തുള്ള സമയം ആണ്, ഇഫ്ത്വാര്‍ സമയം. ആ സമയം പ്രാത്ഥിച്ചാല്‍ ഉത്തരം ഉറപ്പാണ്. പക്ഷെ ഇഫ്ത്വാര്‍ പരിപാടി ഗംഭീരമാക്കാനുള്ള തിരക്കില്‍ വിശപ്പിന്റെ വിളിയാളം നമ്മെ ദൂആയില്‍ നിന്നു തടയുന്നു എന്നതാണ് ഏറെ ഖേദകരം. പോരാ, ആസമയത്ത് ദുആക്ക് സമയം കണ്ടത്തുക തന്നെ വേണം.
പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ നാം കഴിക്കുന്ന ഭക്ഷണം ഹലാലായതായിരിക്കല്‍ നിബന്ധനയാണ്. ഹലാലായ ഭക്ഷണ പാനീയങ്ങള്‍ വര്‍ജ്ജിച്ച് നോമ്പനുഷ്ഠിച്ച നാം വൈകുന്നേരം ഹറാമായ ഭക്ഷണം കഴിച്ച് നോമ്പ് തുറക്കുന്നതിലെ ബുദ്ധിശൂന്യത ചിന്തിക്കുക തന്നെ വേണം.അല്ലാഹു അനുഗ്രഹിക്കട്ടെ ; ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."