റീസര്‍വേ നടപടികള്‍ പുനരാരംഭിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: 2012 മുതല്‍ നിര്‍ത്തിവച്ച റീസര്‍വേ നടപടികള്‍ പുനരാരംഭിക്കുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കലക്ടറേറ്റില്‍ സര്‍വേയും ഭൂരേഖയും വകുപ്പിന്റെ ജില്ലാ ഡിജിറ്റൈസേഷന്‍ സെന്ററിന്റെയും ഇ രേഖ വെബ് പോര്‍ട്ടലിന്റെയും മാപ്പ് മൈ ഹോം മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 881 വില്ലേജുകളുടെ റിസര്‍വേയാണു പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിയുള്ള 783 വില്ലേജുകളുടെ റീസര്‍വേ കൂടി ഉടന്‍ പൂര്‍ത്തിയാക്കണം. കാലം മാറുന്നതിനനുസരിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് റീസര്‍വേ ചെയ്യാനെടുക്കുന്ന കാലദൈര്‍ഘ്യം കുറയ്ക്കും.
സര്‍വേ ചെയ്ത സ്ഥലത്തെ പരാതികള്‍ പരിഹരിച്ചു വരികയാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങള്‍ക്കു കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കും. ഒരു ഓഫിസിലും കയറിയിറങ്ങാതെ വീട്ടിലിരുന്നു ജനങ്ങള്‍ക്ക് സര്‍വേ വകുപ്പ് തയാറാക്കിയ സാങ്കേതികവിദ്യയിലൂടെ സേവനങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കും. പരാതി പരിഹാരസെല്ലിലൂടെ ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ ഇ ദേവദാസന്‍, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സെമീറ, ചെങ്കള പഞ്ചായത്ത് അംഗം വി സദാനന്ദന്‍, സര്‍വേയും ഭൂരേഖയും വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഇ.ആര്‍ ശോഭന, എഡി.എം കെ അംബുജാക്ഷന്‍, ഡെപ്യുട്ടി കലക്ടര്‍മാരായ എച്ച് ദിനേശന്‍, ഡോ. പി.കെ ജയശ്രീ, സര്‍വേയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ പുഷ്പ, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപന്‍ മിന്നാടന്‍, സംസ്ഥാന ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് മാനേജര്‍ ബിനിഷ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വേയും ഭൂരേഖയും വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സ്വാഗതവും സര്‍വേ ജോ. ഡയറക്ടര്‍ കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഭൂരേഖകള്‍ ഇനി ഇ-രേഖ
റീസര്‍വേ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ 881 വില്ലേജുകളിലെ എഫ്.എം.പി മാപ്പുകളില്‍ വിവിധ ഡിജിറ്റൈസേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലൂടെ 507 വില്ലേജുകളില്‍ ഇ-രേഖ വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈനായി ലഭിക്കും. ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ പോര്‍ട്ടലില്‍ നിന്ന് മാപ്പുകള്‍ ഓണ്‍ലൈനായി പണമടച്ച് കൈപ്പറ്റാന്‍ സാധിക്കും. ജില്ലാ ഡിജിറ്റൈസേഷന്‍ സെന്ററുകള്‍, സെന്‍ട്രല്‍ ഡിജിറ്റൈസേഷന്‍ സെന്റര്‍ എന്നീ യൂണിറ്റുകള്‍ മുഖാന്തരം കൂടുതല്‍ വില്ലേജുകളുടെ ഡാറ്റകള്‍ പോര്‍ട്ടലില്‍ നല്‍കുന്ന പ്രവര്‍ത്തനം പുരോഗതിയിലാണ്. ംംം.യവീീാശ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ഇ-രേഖ ലഭിക്കും. സര്‍വേ സ്‌കെച്ചുകള്‍ എടുക്കുന്നതിന് വിവിധ ഓഫിസുകള്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്കു ഭൂരേഖകള്‍ ലഭ്യമാക്കുന്നതിനാണ് ഈ നൂതന സംവിധാനം നടപ്പിലാക്കുന്നത്.
വില്ലേജുകളെ അറിയാന്‍ മാപ്പ് മൈ ഹോം
സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ വില്ലേജുകളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ അപ്ലിക്കേഷനാണ് മാപ്പ് മൈ ഹോം. സംസ്ഥാനത്തെ വിവിധ വില്ലേജുകളുടെ ലൊക്കേഷനുകളും ഫോണ്‍നമ്പറുകളും ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണുകളുടെ പ്ലേ സ്റ്റോറുകളില്‍ നിന്ന് മാപ്പ് മൈ ഹോം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ ആറ് കോളജ് വിദ്യാര്‍ഥികളുടെ സഹായത്തോടെ 248 സര്‍ക്കാര്‍ ഓഫിസുകളുടെ വിവരങ്ങള്‍ ഇതിനകം ഈ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ മറ്റു ജില്ലകളുടെ വിവരങ്ങളും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."