തൃശൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ് മില്‍ അടച്ചുപൂട്ടാന്‍ തീരുമാനം
വടക്കാഞ്ചേരി : സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന വിരുപ്പാക്ക തൃശൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തലചര്‍ച്ചകള്‍ സജീവം.
1985ല്‍ പഞ്ഞിയില്‍ നിന്ന് നൂല്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖലയുടെ മൂലധനവുമായി മില്‍ ആരംഭിച്ചത്. തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സംസ്ഥാനത്തെ തന്നെ വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് സ്ഥാപിച്ചത്. ആധുനിക കാലഘട്ടത്തില്‍ മില്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും അതു കൊണ്ടു തന്നെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി വളണ്ടിയര്‍ റിട്ടയര്‍മെന്റ് നല്‍കണമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് മില്‍ മാനേജ്‌മെന്റിന്റെ നിലപാട് വ്യവസായ വകുപ്പിനെ അറിയിച്ച് കഴിഞ്ഞു. നിലവില്‍ കോടികളുടെ കുടിശ്ശികയിലാണ് മില്‍. പി.എഫ് കോര്‍പ്പറേഷനില്‍ മാത്രം അടയ്ക്കാനുള്ളത് നാലര കോടി രൂപയാണ്. ഈ തുക പിരിച്ചെടുക്കാന്‍ കോര്‍പ്പറേഷന്‍ വ്യവഹാര നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
മില്ലിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ് . ഗ്രാറ്റുവിറ്റിയായി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ലക്ഷങ്ങള്‍ എങ്ങനെ നല്‍കുമെന്നതിനെ കുറിച്ചും ഒരു രൂപവുമില്ല. പിരിഞ്ഞു പോയ 70 തൊഴിലാളികള്‍ക്ക് ചില്ലികാശ് ഇന്നേ വരെ നല്‍കിയിട്ടില്ല. ഇതിനു പുറമെയാണ് കോടികളില്‍ നിന്ന് കോടികളിലേക്ക് ഉയരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക. ഒരു കാലത്ത് സമൃദ്ധമായി കിടന്നിരുന്ന മില്ലിന്റെ വിശാലമായ ഗോഡൗണില്‍ ഇന്ന് ഒരു തുണ്ട് പഞ്ഞി പോലുമില്ല. ഇത് മൂലം മില്‍ കഴിഞ്ഞ ശനിയാഴ്ച മുതലേ ഓഫിലാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പഞ്ഞി എന്നുമെന്നും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നുമായിരുന്നു മാനേജ്‌മെന്റ് തൊഴിലാളി യൂനിയനുകള്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്.
എന്നാല്‍ ദിവസം അഞ്ചായിട്ടും പഞ്ഞി എന്ന് എത്തുമെന്നോ എപ്പോള്‍ തുറക്കുമെന്നോ അധികൃതര്‍ക്ക് ഒരു നിശ്ചയവുമില്ല. പഞ്ഞി വാങ്ങാന്‍ പണമില്ലെന്ന് മാനേജ്‌മെന്റ് തുറന്നു പറഞ്ഞു കഴിഞ്ഞു. രണ്ട് ലോഡ് നൂല്‍ മില്ലിലുണ്ട് . ഇത് വിറ്റ് പഞ്ഞി വാങ്ങിയാല്‍ ഈ മാസം ഏഴിനു നല്‍കേണ്ട ശമ്പളം നല്‍കാനാകാതെ വരും. അതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങും. മില്ലിന്റെ അക്കൗണ്ടില്‍ 40 ലക്ഷം രൂപ ഉണ്ടെങ്കിലും അത് ഉപയോഗിയ്ക്കാനാവില്ല. പി.എഫ് കോര്‍പ്പറേഷന്‍ അകൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധി. സ്ഥിരമായി മാനേജിങ് ഡയരക്ടര്‍ മില്ലിനില്ല. ആലപ്പുഴ മില്ലിലെ ജനറല്‍ മാനേജര്‍ക്ക് മൂന്ന് ദിവസം വിരുപ്പാക്ക മില്ലിന്റെ അധിക ചുമതല കൂടി നല്‍കിയിരിയ്ക്കുകയാണ്.
ചെയര്‍മാന്‍ എം.കെ കണ്ണന്‍ വല്ലപ്പോഴുമേ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറുള്ളു. കീഴുദ്യോഗസ്ഥര്‍ നിസഹായരാണ്. ഇതിനിടയിലാണ് എന്‍.ടി.ഡി.സിയില്‍ നിന്ന് മില്‍ നവീകരണത്തിന് ലഭിയ്ക്കുന്ന തുകയില്‍ വിഹിതമെടുത്ത് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ച് വിടണമെന്ന വാദം കനക്കുന്നത്. ഇതുമായി ബന്ധപ്പെട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായും അറിയുന്നു. നിലവിലെ മുഴുവന്‍ തൊഴിലാളികളേയും ഒഴിവാക്കി സ്വകാര്യ സംരഭകര്‍ക്ക് മില്‍ കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നതിനാണ് ആലോചന നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."